പെരുമാനിയിലെ വിശേഷങ്ങൾ അറിയാം..

Divya John
 പെരുമാനിയിലെ വിശേഷങ്ങൾ അറിയാം...ഒരു കുട്ടിക്കഥ പറയുന്നതുപോലെ പറയുകയും ഒരു ജീവിതംകൊണ്ട് പല കഥകൾ പറയുന്നത് കേൾക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും പെരുമാനി ഗ്രാമം സന്ദർശിക്കണം. നാടോടിക്കഥയും ഫാന്റസിക്കാഴ്ചകളും ചേർത്ത് കെ ബി മജുവും കൂട്ടരും പടച്ച പെരുമാനി സിനിമയെ എന്റർടെയ്‌നറായും നിറപ്പകിട്ടാർന്ന കാഴ്ചയായും കാണാനാഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടും. പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ പലതു കഴിഞ്ഞിട്ടും പെരുമാനിക്കൊരു മാറ്റവും വന്നിട്ടില്ല. ആ ഗ്രാമത്തിലേക്കാണ് ബസ്സിൽ കയറി മരിച്ചു പോയ അബൂബക്കർക്കാന്റെ ഒന്നാം ഭാര്യയും മൂത്തമകനും ഗ്രാമത്തിലെത്തുന്നത്. അതേ ബസ്സിൽ ഒരു ബംഗാളിയും വരുന്നു. അതോടെ സിനിമ അതിന്റെ തമാശകളിലേക്കും ആശങ്കകളിലേക്കും രസിച്ചിരുത്തുന്ന കാഴ്ചകളിലേക്കും സഞ്ചരിക്കുകയായി. പെരുമാനി ഗ്രാമത്തിന്റെ പഴയ കാലത്തെ കഥ പറഞ്ഞാണ് സിനിമ തുടങ്ങുന്നത്.




ഗ്രാമത്തിൽ മോഷണം നടത്തുന്ന കള്ളനെ നാട്ടുകാർ കൈയ്യോടി പിടികൂടുകയും ഗ്രാമം കടത്തി വിടുകയും ചെയ്യുന്നിടത്താണ് ആ നാടിന്റെ ചരിത്രം തുടങ്ങുന്നത്. ഗ്രാമത്തോട് അടങ്ങാ ദേഷ്യവുമായി ഒടിവിദ്യ പഠിച്ച് തിരികെയെത്തിയ കള്ളൻ പിന്നെ അവിടെയുണ്ടാക്കുന്ന പൊല്ലാപ്പുകൾക്ക് കയ്യും കണക്കുമില്ല. ആടിന്റെ തല പശുവിന്, പശുവിന്റെ തല ആടിന്, ക്ഷേത്രം നിന്നിടത്ത് മുസ്‌ലിം പള്ളി, മുസ്‌ലിം പള്ളിക്കു പകരം ക്ഷേത്രം തുടങ്ങി ആകെ കലപില. നാലാം നാൾ ക്ഷേത്ര പൂജാരി പള്ളിയിലെ ഉസ്താദും പള്ളിയിലെ ഉസ്താദ് ക്ഷേത്ര പൂജാരിയുമാകുമെന്ന കള്ളന്റെ കട്ടായം പറച്ചിലിൽ പെരുമാനി പുഴയിൽ വലിയൊരു ആമപ്പുറത്ത് അവരെ രക്ഷിക്കാനെത്തുന്ന തങ്ങളാണ് പിന്നീട് ആ ഗ്രാമത്തെ കാക്കുന്നതെന്നാണ് അവിടുത്തുകാർ ജാതിമത ഭേദമന്യേ വിശ്വസിക്കുന്നത്. തങ്ങളുടെ കിണ്ടിയാണ് പിന്നീട് പെരുമാനിയുടെ 'ഔദ്യോഗിക മുദ്ര!'രാധിക രാധാകൃഷ്ണന്റെ റംലു തന്റേടി മാത്രമല്ല സാഹചര്യത്തിന് അനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ശക്തയായ വനിതയാണ്. റംലു രാധികയുടെ കയ്യിൽ ഭദ്രമായിരുന്നു.



സുലൈഖ മൻസിലിൽ മുസ്‌ലിം വേഷത്തിൽ മികവ പുലർത്തിയ ദീപ തോമസാണ് പെരുമാനിയിലെ നായിക. ഫാത്തിമയെന്ന കഥാപാത്രത്തെ ദീപ രസകരമാക്കി. ദീപ ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണ് പെരുമാനി.വിനയ് ഫോർട്ടിന്റെ നാസറും ലുക്മാന്റെ അബിയും കൊണ്ടു പോകുന്ന കഥയ്ക്കുള്ളിൽ സണ്ണി വെയ്‌നിന്റെ പാവം മുജീബുമുണ്ട്. വിനയ് ഫോർട്ടിന്റെ വളരെ വ്യത്യസ്തമായ വേഷമാണ് നാസർ. തന്റെ കയ്യിൽ കിട്ടിയ നാസറിനെ അതിമനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട് ആ നടൻ. ലുക്മാനാകട്ടെ നിഷ്‌കളങ്കതയും സെന്റിമെൻസും പ്രണയവും ഉൾപ്പെടെയുള്ള തീവ്ര ഭാവങ്ങളെല്ലാം വൃത്തിയായും ഭംഗിയായും അവതരിപ്പിച്ചിരിക്കുന്നു. ഏത് കാര്യത്തിനും വളരെ പക്വതയോടെയും അതിലുപരി തീർത്തും മാന്യമായും കൈകാര്യം ചെയ്യുന്ന മുജിയെ സണ്ണി വെയ് സുന്ദരമാക്കി. 




മൂന്ന് യുവ നടന്മാർക്ക് തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന തരത്തിലാണ് കഥാപാത്രങ്ങളെ രചയിതാവും സംവിധായകനുമായ മജു എടുത്തുവെച്ചിരിക്കുന്നത്.സിനിമയുടെ ഫാന്റസി സ്വഭാവത്തിന് അനുസരിച്ചുള്ള ഗോപി സുന്ദറിന്റെ സംഗീതം, മനേഷ് മാധവന്റെ ക്യാമറ, ജോയൽ കവിയുടെ എഡിറ്റിംഗ്, വിശ്വനാഥൻ അരവിന്ദിന്റെ കലാസംവിധാനം എന്നിവ സിനിമയോട് ചേർന്നു നിൽക്കുന്നു. അതോടൊപ്പം എടുത്തു പറയേണ്ടവ രമേശ് അയ്യരുടെ കളറിംഗും ഇർഷാദ് ചെറുകുന്നിന്റെ വസ്ത്രാലങ്കാരവുമാണ്. ആ ഗ്രാമത്തിന്റെ സ്വഭാവത്തിന് അനുസരിച്ച രീതിയിൽ കഥയുടെ കാഴ്ചയെ കൂടുതൽ ഭംഗിയാക്കുന്നതും അതിലേറെ ഫാന്റസി തോന്നിക്കുന്നതുമായ രീതിയിലാണ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. വിനയ് ഫോർട്ട്, ലുക്മാൻ, സണ്ണി വെയ്ൻ, ദീപ തോമസ്, രാധിക രാധാകൃഷ്ണൻ തുടങ്ങി പ്രധാന കഥാപാത്രങ്ങളുടെ വസ്ത്രങ്ങൾക്കെല്ലാം എന്തെങ്കിലുമൊരു പ്രത്യേകത ചെയ്യാൻ ഇർഷാദ് ചെറുകുന്നിന് സാധിച്ചിട്ടുണ്ട്.

Find Out More:

Related Articles: