'അയൽവാസി'കളെ പരിചയപ്പെടാം! അയൽവാസികളായ സുഹൃത്തുക്കൾക്കിടയിൽ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും വാശികളും തെറ്റിദ്ധാരണകളുമൊക്കെ പറയുന്ന ഒരു കൊച്ചു ചിത്രമാണ് ഇർഷാദ് പെരാരി ഒരുക്കിയിരിക്കുന്ന അയൽവാശി. തനിനാട്ടിൻപുറത്തുകാരായ കുറച്ചു മനുഷ്യർ, അവർക്കിടയിൽ നടക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഈരാറ്റുപേട്ടയിലെ വളരെ സാധാരാണക്കാരായ ഒരു കുടുംബവും അവിടുത്തെ മരുമകനും അയാളുടെ സുഹൃത്തുക്കളുമാണ് കഥയിലെ പ്രധാന താരങ്ങൾ. നല്ലവരായ അയൽവാസികളുണ്ടെങ്കിലും ജീവിക്കാൻ പാടാ... സിനിമയുടെ തുടക്കത്തിൽ പറയുന്ന ഒരു ഡയലോഗാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ചെറിയ രീതിയിൽ ഇഴച്ചിലായിരുന്നുവെങ്കിലും സൗബിൻ, ലിജോ തുടങ്ങിയവരുടെ ഇമോഷണൽ രംഗങ്ങൾ കൊണ്ട് സംവിധായകന് പിടിച്ചു നിൽക്കാനായി. ഫസ്റ്റ് ഹാഫിനേക്കാളും സെക്കന്റ് ഹാഫ് ആണ് പ്രേക്ഷകന് കൂടുതൽ ഇൻഗേജിങ്ങായി തോന്നിയത്.
കെട്ടുറപ്പില്ലാത്ത തിരക്കഥയും ആദ്യ ഭാഗത്ത് ഒരുപരിധി വരെ പ്രേക്ഷകരെ മടുപ്പിക്കുന്നുണ്ട്.
രണ്ടാം പകുതിയിൽ പല രംഗങ്ങളിലും പ്രേക്ഷകനെ പിടിച്ചിരുത്താനും സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്ന് വേണം പറയാൻ. എടുത്തു പറയേണ്ട മറ്റൊന്ന് സിനിമയുടെ ഛായാഗ്രഹണമാണ്. ഗ്രാമീണത തുളുമ്പുന്ന വിഷ്വൽസും സിനിമയോടും കഥയോടും കഥാപാത്രങ്ങളോടും ചേർന്നു തന്നെ നിന്നു. പലയിടങ്ങളിലും പ്രകൃതി ഭംഗി മികച്ച രീതിയിൽ തന്നെ പകർത്തിയെടുക്കാൻ ഛായാഗ്രഹകൻ സജിത് പുരുഷനായിട്ടുണ്ട്. സൗബിൻ, ബിനു പപ്പു, ലിജോ മോൾ, നിഖില വിമൽ, നസ്‌ലിൻ, ഗോകുലൻ തുടങ്ങിയവരാണ് ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നത്. പെങ്ങളുടെ വിവാഹനിശ്ചയ ദിവസം ആ വീട്ടിലെ ബഹളത്തിനിടെ സംഭവിക്കുന്ന ഒരു കാര്യത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. അത് രണ്ട് സുഹൃത്തുക്കൾക്കിടയിലെ തെറ്റിദ്ധാരണയും അഭിമാനപ്രശ്നവുമൊക്കെയായി മാറുന്നിടത്താണ് സിനിമ പ്രേക്ഷകനേയും കൂടെ കൂട്ടുന്നത്. പെങ്ങളുടെ വിവാഹത്തേക്കാളും സ്വന്തമായി ഒരു വീട് എന്ന ആഗ്രഹത്തേക്കാളും വലുതായി ആ പ്രശ്നം താജുവിന് (സൗബിൻ) മാറുകയാണ്.
അതോടെ അതിന്റെ പരിഹാരത്തിനായി അയാൾ ഇറങ്ങിത്തിരിക്കുന്നു. അനിയത്തിയുടെ വിവാഹത്തിന് ഒരു മുതിർന്ന ചേട്ടനിൽ ഉള്ള ഉത്തരവാദിത്തങ്ങളിൽ നിന്നൊക്കെ മാറി നിൽക്കുന്ന അല്ലെങ്കിൽ സാഹചര്യങ്ങൾ അങ്ങനെയാക്കുന്ന ഒരാളുടെ ഇമോഷൻസൊക്കെ സൗബിന് നന്നായി അവതരിപ്പിക്കാനായിട്ടുണ്ട്. ഒരു നാട്ടിൻപുറത്തുകാരന്റെ വേഷപകർച്ചയും പ്രാരാബ്ധക്കാരന്റെ ഭാവങ്ങളുമെല്ലാം സൗബിനിൽ ഭദ്രമായിരുന്നുവെന്ന് വേണം പറയാൻ. പെർഫോമൻസുകളുടെ കാര്യത്തിൽ എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സൗബിൻ തന്റെ പതിവ് കൊച്ചി സ്ലാങ് വിട്ട് കോട്ടയം സ്ലാങ് പിടിച്ചിട്ടുണ്ടെങ്കിലും എവിടെയെക്കെയോ വീണ്ടും കൊച്ചിക്കാരനായ പോലെ തോന്നി. തല്ലുമാല എന്ന ഹിറ്റിന് ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിച്ച ചിത്രം കൂടിയായിരുന്നു ഇത്.
സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും സിനിമയിൽ വലിയ സ്വാധീനം ചെലുത്താനായില്ല. സിനിമയിലെ ചില കാര്യങ്ങളൊക്കെ പ്രേക്ഷകർക്കും അവരുടെ ജീവിതമോ സാഹചര്യങ്ങളോ ഒക്കെയായി കണക്ടായി തോന്നാം. ബിനു പപ്പു, നസ്‌ലിൻ, ലിജോ മോൾ, നിഖില, ഗോകുലൻ, ജഗദീഷ് തുടങ്ങിയവരും അവരവരുടെ ഭാഗങ്ങൾ മികച്ചതാക്കി. നല്ല മനസുള്ള ആളുകൾക്ക് എപ്പോഴും സമാധാനക്കേടും സങ്കടവുമൊക്കെയായിരിക്കുമെന്ന് തമാശയ്ക്കാണേലും പലപ്പോഴും നമ്മൾ പറയാറുണ്ട്. അത്തരം ചില കാര്യങ്ങൾ അയൽവാശിയും ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഫീൽ ഗുഡ് ചിത്രമെന്ന നിലയിൽ അയൽവാശി കണ്ടിരിക്കാം.