എന്റെ ഹൃദയത്തിൽ ഉണ്ട് ഗുരുവായൂരപ്പൻ; യേശുദാസ്!

Divya John
 എന്റെ ഹൃദയത്തിൽ ഉണ്ട് ഗുരുവായൂരപ്പൻ; യേശുദാസ്! ഗുരുവായൂർ അപ്പന്റെ തീവ്ര ഭക്തനായ ദാസേട്ടന് പക്ഷെ ഒരിക്കൽ പോലും അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചതിനാൽ ആണ് അദ്ദേഹത്തിന് വിലക്ക് നേരിടുന്നത്. 2011 ൽ ഐഡിയ സ്റ്റാർ സിംഗർ സമയത്ത് അതിഥിയായി പങ്കെടുക്കാൻ അദ്ദേഹം എത്തിയപ്പോൾ ഉണ്ടായ സംസാരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം' യേശുദാസിന്റെ ശബ്ദത്തിൽ അതിമനോഹരമായ ഈ ഗാനം കേൾക്കാത്ത മലയാളികൾ കുറവാണ്. അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം എന്ന വരികളിലേക്ക് അദ്ദേഹം എത്തുമ്പോൾ വാക്കുകൾ ഇടറുന്നതും, ഞാൻ ഇത് വരെ അദ്ദേഹത്തെ കണ്ടിട്ടില്ലല്ലോ പിന്നെ എന്തിനാണ് ഇങ്ങനെ എന്ന വാക്കുകളും കേൾക്കുമ്പോൾ ആരുടേയും മനം ഒന്ന് വിങ്ങും.



  എനിക്കും അപ്പനും ഒരു പ്രശ്നവും ഇല്ല. പക്ഷെ എനിക്ക് പറയാനുള്ളത്, അതിനോട് ബന്ധപ്പെട്ട എന്റെ സഹോദരങ്ങൾ അത് ഉൾക്കൊള്ളണം എന്നാണ്. ഇനിയും അതിന്റെ കാലം കഴിഞ്ഞു- യേശുദാസ് പറഞ്ഞു തുടങ്ങുന്നു. അകതാരിലാർക്കുവാൻ എത്തിടുമോർമ്മകൾ. എന്നെ കയറ്റണം എന്നല്ല ഞാൻ പറയുന്നത് . ഞാൻ ഒരു ശുദ്ധൻ ആണെന്ന് ഒന്നും ഞാൻ പറയുന്നില്ല എനിക്ക് ഒരുപാട് ദോഷങ്ങളും , കുറവുകളും ഉണ്ട്. ഭക്തിയോടെ കയറിച്ചെല്ലുന്ന ആരെയും എവിടെയും കയറി ചെന്ന് അത് അർപ്പിക്കാൻ ഉള്ള അവസരം നൽകണം എന്നാണ് ഞാൻ പറയുന്നത്. ഒരിക്കൽ ഞാൻ മധുര മണി സാറിന്റെ കച്ചേരി തൃപ്പൂണിത്തുറയിൽ പുറത്തുനിന്നും കേൾക്കുകയാണ്. അകത്തുകയറി കാണാനുള്ള വലിയ ആഗ്രഹം ഉണ്ടായിട്ടും നടന്നില്ല. എന്നോട് എന്റെ കൂട്ടുകാരൻ പറഞ്ഞു, നമുക്ക് കയറാം എന്ന്.



  പക്ഷെ ഞാൻ പറഞ്ഞു അത് വേണ്ട എന്ന്. അങ്ങനെ ഇരുന്നപ്പോളാണ് സ്വാമിയേ ശരണമയ്യപ്പാ എന്ന വിളി കേൾക്കുന്നത്. അത് എന്താണ് എന്ന് ഞാൻ എന്റെ സുഹൃത്തിനോട് ചോദിക്കുമ്പോൾ ശബരിമലയിൽ പോയി തിരികെ വരുന്നതാണ് അതെന്നു പുള്ളി പറഞ്ഞു. അപ്പോൾ എന്റെ മനസ്സിൽ തോന്നി എനിക്ക് ഒന്ന് കാണണം എന്ന്. ഞാൻ അപ്പോൾ തന്നെ അവർക്ക് എഴുതി. എനിക്ക് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് എന്ന്. അപ്പോൾ അവർ പറഞ്ഞത് പതിനെട്ടു പടി വ്രതം നോക്കി ആര് വരുന്നോ അവർക്ക് കയറാം എന്ന്. അവിടെയാണ് അയ്യപ്പൻറെ മഹത്വം. അവിടെ വ്യത്യാസം ഇല്ല. അയ്യപ്പന് എല്ലാവരും ഒരേ പോലെയാണ്. ശബരിമല പോലെ ലോകം ആയി തീരണം എന്നാണ് എന്റെ ആഗ്രഹം. എവിടെയാണ് നന്മയും തിന്മയും ഇല്ലാത്തത്. ഞാൻ തന്നെയാണ് ദുര്യോധനൻ, ഞാൻ തന്നെയാണ് അർജുനൻ എന്ന് പറഞ്ഞ തത്വം മനസ്സിലായോ. 



  അത് കൃഷണന്റെ അംശം തന്നെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കുറ്റങ്ങളും കുറവുകളും ഒക്കെയും ഈശ്വരന്റെ അംശം തന്നെയാണ്. അത് ഉൾക്കൊണ്ടുകൊണ്ട് നമ്മൾക്ക് ഭക്തിയോടെ എവിടെയും പോകാം. അവിടെ ആർക്കും കയറാം എന്ന് അവർ പറയും വരെ ഞാൻ കാത്തിരിക്കും. അങ്ങനെ വരുമ്പോൾ ഏറ്റവും അവസാനമേ ഞാൻ കയറൂ. അവസാനം എന്ന് പറഞ്ഞാൽ, എല്ലാവർക്കും കയറാം എന്ന് പറഞ്ഞതിന് ശേഷം. അല്ലാതെ ദാസിന് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു തരാം എന്ന് പറഞ്ഞാലും ഞാൻ കയറില്ല. അത് വേണ്ടേ വേണ്ട. അങ്ങനെ ഒരു ആവശ്യമേ ഇല്ല. എന്റെ ഹൃദയത്തിൽ ഗുരുവായൂരപ്പൻ പൂർണ്ണമായും ഉണ്ട്. ഇത്തരം ഗാനങ്ങൾ ഞാൻ പാടുമ്പോൾ ഞാൻ പൊട്ടി പോകുന്നതും അതുകൊണ്ടാണ് അദ്ദേഹം എന്റെ ഹൃദയത്തിനുള്ളിൽ ഉണ്ട്. ആ ലോകം ആണ് നമ്മുക്ക് വരേണ്ടത്. ലോകത്തിൽ ഉള്ള സകലരെയും അദ്ദേഹത്തിന്റെ മുരളി കൊണ്ട് അദ്ദേഹത്തിലേക്ക് എത്തിച്ചിട്ടില്ലേ- ദാസേട്ടൻ പറയുന്നു.

Find Out More:

Related Articles: