ഫാമിലി സ്റ്റോറിയുമായി 'ദളപതി' വിജയിയുടെ "വാരിസ്"! പൊങ്കലിനോട് അനുബന്ധിച്ച് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വാരിസ്, രശ്മിക മന്ദാന, ആർ ശരത്കുമാർ, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ജയസുധ, യോഗിബാബു എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. വംശി പൈഡിപ്പള്ളി സംവിധാനം നിർവ്വഹിച്ച ചിത്രം കുടുംബ പ്രേക്ഷകരെയാണ് ലക്ഷ്യം വയ്ക്കുന്നത്. മുന്ന, ബൃന്ദാവനം, യെവാഡു, ഊപ്പിരി, മഹർഷി -തുടങ്ങിയ ശ്രദ്ധേയ തെലുങ്ക് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. പ്രേക്ഷകർക്ക് പരിചിതമായ കഥാസന്ദർഭങ്ങളിലൂടെയാണ് വാരിസ് നീങ്ങുന്നതെങ്കിലും ഇത്തരമൊരു ചിത്രത്തിൽ വിജയിയെ കാണുന്നത് പുതുമയുള്ള കാര്യമാണ്. കുടുംബ ബന്ധങ്ങളുടെ സ്ഥാനവും മൂല്യവും തിരിച്ചറിയാത്ത അയാൾ തൻ്റെ പിൻഗാമിയെ കണ്ടെത്തുന്നതിനായി മക്കളോട് പരസ്പരം മത്സരിക്കാൻ ആവശ്യപ്പെട്ടു.
മൂത്ത രണ്ട് മക്കളും അച്ഛൻ്റെ പാതയിൽ സഞ്ചരിക്കാൻ തയ്യാറായപ്പോൾ മൂന്നാമൻ വിജയ് തൻ്റെ പാത സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. അതോടെ അയാൾ വീട്ടിൽ നിന്നും രാജേന്ദ്രൻ്റെ മനസ്സിൽ നിന്നും പുറത്തായി. പാൻക്രിയാറ്റിക് കാൻസർ ബാധിതനായി രാജേന്ദ്രൻ മരണത്തെ മുന്നിൽ കാണുമ്പോൾ ബിസിനസിന് ഒരു പിന്തുടർച്ചാവകാശി അത്യാവശ്യമായി വരുന്നു. ഈ അവസരത്തിലാണ് വിജയ് തിരികെ എത്തുന്നതും. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് വാരിസിൽ കാണാനുള്ളത്.രാജേന്ദ്ര ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബിസിനസ് സാമ്രാജ്യത്തിൻ്റെ അധിപനായ രാജേന്ദ്രൻ്റെ പിൻഗാമി ആരെന്നും, അയാൾക്ക് അതിനുള്ള യോഗ്യത എന്തെന്നുമാണ് ചിത്രത്തിൻ്റെ കഥയിൽ പറയുന്നത്. രാജേന്ദ്രന് മൂന്ന് ആൺമക്കളായിരുന്നു. നല്ലൊരു കുടുംബ ചിത്രം ചെയ്യണമെന്ന് ചിന്തിച്ച ദളപതിയുടെ മനസ്സ് -അത് അംഗീകരിക്കണം, പക്ഷേ അതിനും പ്രത്യേകിച്ച് പുതിയ കഥയൊന്നും വേണ്ടെന്ന് കരുതിയതാണ് തെറ്റ്.
ചിത്രത്തിൽ എന്താണ് കാണാനുള്ളതെന്ന് പൂർണ്ണമായും ട്രെയിലറിൽ വെളിവാക്കിയതിനാൽ പ്രതീക്ഷകൾ വെറുതെയായെന്ന് പറയാനും കഴിയില്ല. ആ ട്രെയിലർ എന്താണോ പങ്കുവയ്ച്ചത് സിനിമ നൂറ് ശതമാനവും അങ്ങനെ തന്നെയാണ്, അതിൽക്കൂടുതലായി യാതൊന്നും കാണാനുമില്ല! കഥയിൽ അത്തരത്തിൽ സാമ്യങ്ങൾ തോന്നുന്നത് വിഷയമാക്കിയില്ലെങ്കിലും, അവതരണത്തിൽ അനുഭവപ്പെടുന്ന സാദൃശ്യങ്ങൾ കല്ലുകടിയായി. ഒരു തെലുങ്ക് കുടുംബ ചിത്രത്തിൽ വിജയ് കയറിച്ചെന്നത് പോലെയാണ് ഒറ്റ നോട്ടത്തിൽ തോന്നുന്നത്. തമിഴ് സിനിമയ്ക്കും ജനതയ്ക്കും ചേരുന്ന വിധം കഥയെ പ്ലേസ് ചെയ്യാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ബാക്കി എന്തൊക്കെ ഘടകങ്ങളുണ്ടെങ്കിലും കാണികളുമായി ചെറിയൊരകലം പാലിച്ചാണ് വാരിസ് നിലയുറപ്പിക്കുന്നത്.
പണ്ട് കുടുംബകഥകളിലും തിളങ്ങിനിന്നിരുന്ന വിജയിക്ക് അങ്ങനെ നോക്കുമ്പോൾ ഇതൊരു തിരിച്ചുവരവ് തന്നെയാണ്. ആരാധകരിൽ ഒരു വിഭാഗമെങ്കിലും ഇത്തരം ചിത്രങ്ങളിലും അദ്ദേഹത്തെ പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല തൻ്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ ആക്ഷനും ഡാൻസും പഞ്ച് ഡയലോഗുകളും അടക്കം നിറച്ചാണ് നടൻ എത്തിയതും. അതുകൊണ്ട് കഥ എന്തായാലും, സിനിമ എന്തായാലും ദളപതിയെ കണ്ടാൽ മാത്രം മതി എന്നുള്ളവർക്ക് വാരിസ് അധികമാണ്. പിന്നെ പൊങ്കൽ സീസണിന് കുടുംബത്തിനൊപ്പം കണ്ടിരിക്കാൻ കഴിയുമെന്നതും മേന്മയാണ്. ഥയുടെ കാതലായ ഇമോഷൻസ് പരമാവധി പ്രയോജനപ്പെടുത്താൻ സാധിച്ചില്ലെങ്കിലും, അത് നഷ്ടപ്പെടാതെ സംവിധായകൻ കൊണ്ടുപോയിട്ടുണ്ട്.
രണ്ടാം പകുതിയിലാണ് വിജയ് നിറഞ്ഞാടുന്നതെങ്കിലും, ആദ്യ പകുതിയിലും പ്രധാന ആകർഷണം നടൻ മാത്രമാണ്.
ശക്തനായൊരു വില്ലനും, കരുത്തുറ്റ തിരക്കഥയും ഉണ്ടായിരുന്നെങ്കിൽ ആട്ടനായകൻ്റെ 'ആട്ടം' മറ്റൊരുതരത്തിൽ ആകുമായിരുന്നു. ഹൃദയത്തിൽ ആദ്യ സ്ഥാനം നേടിയത് കെ എസ് ചിത്ര ആലപിച്ച 'സോൾ ഓഫ് വാരിസ്' ആണെന്നത് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. വിജയിയുടെ സ്ക്രീൻ പ്രസൻസിനൊപ്പം ആവേശം ഉയർത്താനും, ചിത്രത്തോട് കണക്ടായിരിക്കാനും പശ്ചാത്തല സംഗീതവും സഹായിച്ചു. ആക്ഷനും, ഡാൻസ് രംഗങ്ങളും, ഇമോഷൻസും എല്ലാം കൃത്യമായി പകർത്തിയ കാർത്തിക് പളനിയുടെ ഛായാഗ്രഹണവും മികച്ചു നിൽക്കുന്നതാണ്. അഭിനേതാക്കളിൽ വിജയ്ക്ക് ശേഷം ശ്രദ്ധയാകർഷിച്ചത് ശരത്കുമാറും ജയസുധയുമാണ്.