ഏത് മതത്തിൻ്റെ പേരിലുള്ള ആക്രമണവും തെറ്റാണ്; പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്ന് സായി പല്ലവി! കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിൻ്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്നായിരുന്നു നടിയുടെ പരാമർശം. ഇത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സായ് പല്ലവി.ഫേസ്ബുക്കിലൂടെയാണ് നടി രംഗത്തെത്തിയത്. തൻ്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടില്ല എന്നും സായ് പല്ലവി പറഞ്ഞു. കാശ്മീർ ഫയൽസ് എന്ന സിനിമയിൽ കശ്മീരി പണ്ഡിറ്റുകളെ കൊല്ലുന്ന രംഗങ്ങളെയും പശുവിൻ്റെയും ജാതിയുടെയും പേരിൽ ഉണ്ടാകുന്ന അക്രമങ്ങളെയും കുറിച്ചു സായി പല്ലവി നടത്തിയ പരാമർശം വലിയ വിവാദമാവുകയും താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നും സായി പല്ലവി പറഞ്ഞു. താൻ പറഞ്ഞത് മുഴുവൻ കേൾക്കാതെ ചെറിയൊരു വീഡിയോ മാത്രമാണ് ഷെയർ ചെയ്യപ്പെടുന്നത്. ഏത് രൂപത്തിലുള്ള ആക്രമണവും തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏത് മതത്തിൻ്റെ പേരിലുള്ള ആക്രമണവും തെറ്റാണ് എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. പക്ഷേ അതിന് ശേഷം സോഷ്യൽ മീഡിയയിൽ പലരും ആൾക്കൂട്ടകൊലപാതകങ്ങളെ ന്യായീകരിക്കുന്നത് കണ്ടു. ഒരു ഡോക്ടർ എന്ന നിലയിൽ ജീവിതത്തിൻ്റെ വില എനിക്ക് നന്നായിട്ടറിയാം. പിന്നാലെ സായി പല്ലവിയുടെ പ്രസ്താവനയ്ക്ക് എതിരെ തീവ്രഹിന്ദുത്വ സംഘടനകൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്. താരത്തിൻ്റെ സിനിമകൾ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് 'ബോയിക്കോട്ട് സായി പല്ലവി' എന്ന ഹാഷ് ടാഗ് പ്രചാരണവും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. നടിയുടെ വിവാദമായ പ്രസ്താവന ഇങ്ങനെയായിരുന്നു. ചുവടെ വായിക്കാം.
'താൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് തനിക്ക് അറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് പശുവിൻ്റെ പേരിൽ ഒരു ഒരു മുസ്ലിമിനെ ചിലർ കൊലപ്പെടുത്തിയതും കണ്ടു. ഇതുരണ്ടും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല.' ഒരാൾക്ക് മറ്റൊരാളുടെ ജീവനെടുക്കാൻ അവകാശമില്ല.
അഭിമുഖം മുഴുവൻ കാണാതെ ചില പ്രമുഖ വ്യക്തികളും വെബ്സൈറ്റുകളും ചെറിയൊരു വീഡിയോ മാത്രം ഷെയർ ചെയ്തത് കണ്ടു. എന്താണ് ഞാൻ പറഞ്ഞതെന്ന് പോലും മനസ്സിലാക്കാതെയാണ് അവർ വീഡിയോ പങ്കുവെക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു. നടിയുടെ വിവാദ പരാമർശത്തിനെതിരെ ബജറംഗ്ദളിൻ്റെ പരാതിയിൽ ഹൈദരാബാദ് സുൽത്താൻ ബസാർ പോലീസ് കഴിഞ്ഞദിവസം നടിയ്ക്കെതിരെ കേസെടുത്തിരുന്നു.