ജീവിതത്തിന് ഗുഡ് സർട്ടിഫിക്കറ്റ് വേണ്ടാത്ത ആൾ; ബാബുരാജിന്റെ കൊച്ചു കൊച്ചു വലിയ വിശേഷങ്ങൾ! അടുത്തിടെ താരം സ്വഭാവ നടനായി എത്തിയ ജോജി എന്ന സിനിമ ഏറെ ചർച്ചയായിരുന്നു. ഒടിടി റിലീസായ ചിത്രത്തിൽ ജോമോൻ എന്ന കഥാപാത്രം ബാബുരാജ് അവിസ്മരണീയമാക്കിയിരുന്നു. ചിത്രത്തിൽ ജോമോന്റെ ബൈബിൾ മനസ്സാക്ഷിയാണെന്ന ഡയലോഗാണ് ഏറെ ശ്രദ്ധ നേടിയത്. ബാബുരാജിന്റെ കൊച്ചു കൊച്ചു വലിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിശേഷങ്ങളിലേക്ക്. എന്ത് വേഷവും തനിക്ക് ഇണങ്ങും എന്നു തെളിയിച്ച നടനാണ് ബാബുരാജ്.
ആരെടാ എന്ന് ചോദിച്ചാൽ എന്തെടാ എന്ന് ചോദിക്കാൻ പോന്ന ഗെറ്റപ്പുള്ള താരം നിരവധി സിനിമകളിൽ വില്ലനായും സഹനടനായും നായകനായുമൊക്കെ തിളങ്ങിയിട്ടുണ്ട്. ബാബുരാജ് സിനിമയിൽ എത്തിയിട്ട് 27 വർഷമായി. എന്നാൽ അതിൽ 17 വർഷങ്ങളും ഗുണ്ടയുടെ വേഷത്തിൽ ഒരു ഡയലോഗ് പോലും പറയാതെ വില്ലൻറെ പിന്നിൽ നിൽക്കുകയായിരുന്നു താനെന്നു പറയുകയാണ് നടൻ. എങ്കിലും ആ സമയത്തും നല്ല കിടിലൻ ഡയലോഗുകൾ വീശി പറഞ്ഞ് അഭിനയിക്കാൻ ഉള്ള ത്വര മനസ്സിൽ ഉണ്ടായിരുന്നതായും ബാബുരാജ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഇപ്പോൾ തനിക്കുള്ള അവസരം വന്നപ്പോഴാണ് മനസ്സിൽ ഉണ്ടായിരുന്ന ആ ത്വര ഡയലോഗുകളായി പുറത്തു വരുന്നതെന്നും നടൻ പറയുന്നു.‘പ്രജ’ എന്ന സിനിമയിലൂടെയാണ് ആദ്യ ഡയലോഗ് ബാബുരാജിനെ തേടിയെത്തിയത്. പോലീസ് വേഷത്തിലാണ് ബാബു എത്തിയത്. എന്നാൽ വേഷം ഇട്ടു വന്നപ്പോൾ ഒരു ‘ഹിഡുംബൻ’ ഡയലോഗ്. 14 ടേക്ക് എടുത്തിട്ടും ശരിയായില്ല എന്നും നടൻ അഭിമുഖത്തിലൂടെ പറയുന്നു. 'അന്നു രാത്രി കിടന്നിട്ട് എനിക്ക് ഉറക്കം വരുന്നില്ല. ‘ഇത്ര നല്ലൊരു ചാൻസ് കിട്ടിയിട്ട് നിനക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോടാ’ എന്നു മനസാക്ഷി പറയുകയാണ്. പിന്നെ, എഴുന്നേറ്റിരുന്ന് ഡയലോഗ് മുഴുവനും കാണാപാഠം പഠിച്ചു. പിറ്റേന്ന് റീടേക് ഉണ്ട് എന്നൊന്നും ഉറപ്പില്ല. എന്തായാലും ആഗ്രഹിച്ച പോലെ പിറ്റേന്ന് ഒറ്റ ടേക്കിൽ കാര്യം നടന്നു', എന്നും താരം പറയുന്നു.
രാഷ്ട്രീയ കേസുകളിൽ പല വട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലിൽ പോകേണ്ടി വന്ന കേസിൽ മരിച്ച ആളെ താൻ കണ്ടിട്ട് പോലും ഇല്ല. ഒരു തിയറ്ററിലെ ജീവനക്കാരൻ ആയിരുന്നു മരിച്ച ആൾ. രാഷ്ട്രീയ മാനം ഉള്ളതിനാൽ തന്നെ അതിൽ പെടുത്താൻ എളുപ്പമായിരുന്നു. 85 ദിവസം ആണ് ജയിൽ ജീവിതം അനുഭവിച്ചതെന്നും പിന്നീട് കോടതി വെറുതേ വിട്ടു എന്നും നടൻ പറയുന്നു.രാഷ്ട്രീയം ജീവിതത്തെ ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീയത്തിൽ ഇറങ്ങിയത് എന്ന് പറയുകയാണ് നടൻ. നമ്മളെ കുറിച്ചു നല്ലത് മാത്രമേ കേൾക്കാവൂ എന്ന് ആഗ്രഹിക്കുമ്പോൾ വിഷമിക്കേണ്ടി വരും. അതുകൊണ്ട് എനിക്ക് ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട. ആരെന്തു പറഞ്ഞാലും താൻ കുലുങ്ങില്ലെന്നും നടൻ പറയുന്നു.
കോളജ് കാല കഥകൾ ഒരുപാട് നാട്ടിൽ പ്രചരിച്ചിരിക്കുന്നതുകൊണ്ട്, എന്നെക്കുറിച്ച് ആരെന്തു പറഞ്ഞാലും ജനം വിശ്വസിക്കുമെന്നും താരം പറയുന്നു.'വധശ്രമം എന്നു പറയാൻ പറ്റില്ല. ഞങ്ങളുടെ ആശ്രിതനായിരുന്ന ഒരാളുടെ സ്ഥലം അവരുടെ ആവശ്യത്തിനും കൂടിയാണ് ഞാൻ വാങ്ങിയത്. ഒരു അപകടത്തിൽ പെട്ട് മസ്തിഷ്ക ക്ഷതം വന്നിട്ടുണ്ട് അദ്ദേഹത്തിന്. മകന്റെ വിയോഗം കൂടി ആയപ്പോൾ മാനസികാവസ്ഥ തെറ്റി. ഞാനും ഒരു സുഹൃത്തും കൂടി ആ സ്ഥലത്ത് നിൽക്കുമ്പോൾ പെട്ടെന്ന് വന്ന് വെട്ടുകയായിരുന്നു. സുഖം ഇല്ലാത്ത വ്യക്തി ആയതു കൊണ്ട് ദേഷ്യം ഒന്നും ഇല്ല. ഇപ്പോഴും അദ്ദേഹത്തെ സഹായിക്കുന്നുമുണ്ട്', എന്നും താരം പറയുന്നു.