വിനോദയാത്രയ്ക്കുപോയ പതിനഞ്ചംഗ മലയാളിസംഘത്തിലെ എട്ടുപേരെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

VG Amal
നേപ്പാളിലെ ദാമനിൽ വിനോദയാത്രയ്ക്കുപോയ പതിനഞ്ചംഗ മലയാളിസംഘത്തിലെ എട്ടുപേരെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.

തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതിമാരും അവരുടെ നാലുകുട്ടികളുമാണ് മരിച്ചത്.

ഹോട്ടൽമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺകൃഷ്ണൻ നായർ (39), ഭാര്യ ശരണ്യാ ശശി (34), മക്കളായ ശ്രീഭദ്ര പ്രവീൺ (ഒമ്പത്), ആർച്ച പ്രവീൺ (ഏഴ്), അഭിനവ് നായർ (അഞ്ച്), കോഴിക്കോട് കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത് കുമാർ (38), ഭാര്യ പി.ആർ. ഇന്ദുലക്ഷ്മി പീതാംബരൻ (34), മകൻ വൈഷ്ണവ് രഞ്ജിത് (ആറ്) എന്നിവരെയാണ് മുറിയിൽ ബോധരഹിതരായി കണ്ടെത്തിയത്. 

ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. 

 രഞ്ജിത്തിന്റെ മൂത്തമകൻ മാധവ് മറ്റൊരു മുറിയിലായിരുന്നതിനാൽ രക്ഷപ്പെട്ടു.

പ്രവീണും രഞ്ജിത്തും എൻജിനിയർമാരാണ്. തിങ്കളാഴ്ചരാത്രി ഒമ്പതരയോടെയാണ് സംഘം മധ്യനേപ്പാളിലെ മലയോര വിനോദസഞ്ചാരകേന്ദ്രമായ ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലെത്തിയത്. നാലുമുറികൾ ബുക്ക് ചെയ്തിരുന്നെങ്കിലും വൈകിയതിനാൽ ഇവർക്ക് രണ്ടു മുറികളേ നൽകാനായുള്ളൂവെന്ന് ഹോട്ടലധികൃതർ പറഞ്ഞു. ഇതിൽ ഒരു മുറിയിൽ താമസിച്ച എട്ടുപേരാണ് മരിച്ചത്.

ഗ്യാസ് ഉപയോഗിച്ചുള്ള റൂം ഹീറ്ററിൽനിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് മകവാൻപുർ ജില്ലാ പോലീസ് ഓഫീസർ സുശീൽ സിങ് റാത്തോഡ് പറഞ്ഞു. മുറിയുടെ വാതിലും ജനലുകളുമെല്ലാം അടച്ചാണ് ഇവർ കിടന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതായിട്ടും ഇവരെ കാണാഞ്ഞതിനെത്തുടർന്ന് ഹോട്ടൽജീവനക്കാർ ഡൂപ്ലിക്കേറ്റ് താക്കോൽകൊണ്ട് മുറി തുറന്നപ്പോഴാണ് ഇവരെ കണ്ടത്. 

Find Out More:

Related Articles: