കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വാഹനങ്ങൾ കത്തി നശിച്ചു.യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു.
രാവിലെ 6.15 ഓടെയാണ് അപകടം. കൂത്തുപറമ്പിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. മെരുവമ്പായിയിൽ നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്നതിനായി റോഡിലേക്ക് കയറ്റുകയായിരുന്നു ടിപ്പർ ലോറി. കാർ നേരെ ലോറിയുടെ ഡീസൽ ടാങ്കും ബാറ്ററിയുമുള്ള ഭാഗത്ത് ഇടിച്ചതിനെ തുടർന്നാണ് തീ പിടിച്ചത്. നിമിഷ നേരം കൊണ്ട് തീ ആളി പടർന്നു. വാഹനങ്ങളിലുണ്ടായിരുന്നവർ പെട്ടന്ന് പുറത്തേക്കിറങ്ങിയതിനാൽ പൊള്ളലേറ്റില്ല. പാനൂർ പൊയിലൂർ സ്വദേശി അസനും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. നീർവേലി സ്വദേശി ഷാനവാസാണ് ലോറി ഓടിച്ചത്. ആരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.പരിക്കുപറ്റിയവർ സമീപത്തെ ആശുപത്രിയിലെത്തി ചികിത്സ തേടി. ഗതാഗതം തടസപ്പെട്ടിരുന്നെങ്കിലും, കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ച ശേഷം വാഹങ്ങൾ അരികിലേക്ക് മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി.