കോവിഡിനോടനുബന്ധിച്ചു മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ!

Divya John
കോവിഡിനോടനുബന്ധിച്ചു മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ! ഞായറാഴ്‌ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫിസ് അറിയിച്ചു. ഷോപ്പിംഗ് മാളുകൾ രാത്രി 8 മുതൽ രാവിലെ 7 വരെ അടച്ചിടുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കൊവിഡ്-19 കേസുകൾ വർധിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ. ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾക്ക് ജില്ലാ നേതൃത്വത്തിന് തീരുമാനിക്കാം. എന്നാൽ സംസ്ഥാനം മുഴുവൻ അടച്ചിട്ടുള്ള ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.ആളുകൾ കൊവിഡ് സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് താക്കറെ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന തുടരുകയാണ്. മുംബൈയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ പ്രകാരം വെള്ളിയാഴ്‌ച 36,902 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

  112 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1.3 ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഏപ്രിൽ 4 മുതൽ സംസ്ഥാനത്താകെ നിരോധനനാജ്ഞയും ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം പരിശോധിക്കും. ഇളവുകളുടെ കാര്യത്തിൽ പരിശോധനയുണ്ടാകുമെന്നും പ്രസ്‌താവനയിലൂടെ മഹാരാഷ്‌ട്ര സർക്കാർ അറിയിച്ചു. ഇളവുകൾ നിലവിൽ വരുകയും തൊഴിൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്‌തതോടെ മാസ്‌ക്, സാമൂഹിക അകലം എന്നിവ ലംഘിക്കപ്പെട്ടു.

   സുരക്ഷാ മുൻകരുതലുകളിൽ വന്ന ഈ വീഴ്‌ചയാണ് കൊവിഡ് കേസുകളുടെ വർധനവിന് കാരണമായതെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി അവസാനം മുതലാണ് സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.  അതേസമയം നേരത്തെ  മാർച്ച് 31 വരെ മഹാരാഷ്ട്രയിലെ തീയേറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും സ്വകാര്യ ഓഫീസുകളിലുമടക്കം 50 ശതമാനം ശേഷിയേ പാടൊള്ളുവെന്നാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്ന പുതിയ നിർദ്ദേശങ്ങളിൽ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്ന ആളുകൾക്ക് കടുത്ത ശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കാതെയും മറ്റ് നിയന്ത്രണങ്ങൾ പാലിക്കാതെയും ഇരുന്നാൽ കർശനമായ ലോക്ഡൗൺ വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്ന് മുുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.
 

Find Out More:

Related Articles: