നിത അംബാനി ഫിറ്റ്‌നസ് രഹസ്യം ഇതാണ്! സമഗ്രമായ ശാരീരിക ക്ഷേമത്തിന്റെ വക്താവായി നിലകൊള്ളുന്ന ഒരാളാണ് നിത അംബാനി. ശരീരം ആരോഗ്യകരമായി നിലനിർത്തുക എന്നതിൽ ഉപരി ശരീരത്തെയും മനസ്സിനെയും ഒരു പോലെ പരിപോഷിപ്പിക്കുന്ന ഒരു ജീവിതശൈലി പിന്തുടരുകയാണ് നിത അംബാനി ചെയ്യുന്നത്. വളരെ കൃത്യമായ വ്യായാമ രീതികൾ പിന്തുടരുന്ന ഇവർ വ്യായാമം ഒരു ധാരാളിത്തമല്ലെന്നും അതൊരു ആവശ്യമാണെന്നും കൂടിയാണ് തന്റെ ജീവിതത്തിലൂടെ കാണിക്കുന്നത്. യോഗയിലും ഡാൻസിലും സ്ട്രെങ്ത് ട്രെയിനിംഗിലും ഒക്കെ സന്തോഷം കണ്ടെത്തുന്ന അവർ 50-കളിലും 60-കളിലും ഉള്ള സ്ത്രീകളെ അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം കൊടുക്കാൻ പ്രേരിപ്പിക്കുകയാണ്. ഇന്ന്, മാർച്ച് 8 ന് ലോകം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുകയാണ്. സ്ത്രീകളുടെ ശക്തി, സ്വയം പരിചരണം, ക്ഷേമം എന്നിവയെ കുറിച്ച് സംസാരിക്കാൻ ഇതിലും മികച്ച മറ്റൊരു സമയമില്ലെന്ന് തന്നെ പറയാം.
ഈ അവസരത്തിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് വീണ്ടും തെളിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് 61- കാരിയായ നിത അംബാനി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളോടും അവരുടെ ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ചുമതല സ്വയം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ടാണ് നിത അംബാനി എത്തിയിരിക്കുന്നത്. "61-ാം വയസിൽ എനിക്ക് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയുമെന്ന്" നിത അംബാനി പറഞ്ഞു. ആഴ്ചയിൽ നാല് ദിവസവും അര മണിക്കൂറെങ്കിലും സ്വന്തം ആരോഗ്യത്തിനായി മാറ്റി വെക്കാനാണ് അവർ സ്ത്രീകളെ പ്രേരിപ്പിക്കുന്നത്.
#StrongHERMovement എന്ന പരിപാടിയിലൂടെ ആത്മവിശ്വാസം, , ശാക്തീകരണം എന്നിവയുടെ ഒക്കെ മൂലധനമായി ഫിറ്റ്നസ് സ്വീകരിക്കാൻ നിത അംബാനി സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ്. "നിങ്ങൾ ശക്തരായിരിക്കുമ്പോൾ, നിങ്ങളെ ആർക്കും തടയാനാവില്ല" എന്ന ആഹ്വാനത്തിലൂടെ ലോകത്തെമ്പാടുമുള്ള സ്ത്രീകളെ ഇന്ന് മുതൽ ഫിറ്റ്നസ് ജേർണി ആരംഭിക്കാൻ ക്ഷണിച്ചിരിക്കുക കൂടിയാണ് നിത അംബാനി. സ്ത്രീകൾ പലപ്പോഴും അവരുടെ ക്ഷേമത്തിനേക്കാൾ അവരുടെ കുടുംബത്തിനും ഉത്തരവാദിത്വങ്ങൾക്കും ഒക്കെയാണ് മുൻഗണന നൽകുന്നത്. എന്നാൽ സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകണമെന്ന് കൂടി ഓർമ്മിപ്പിച്ചിരിക്കുകയാണ് നിത അംബാനി.നിത അംബാനി പോഷകാഹാരത്തിന്റെ പ്രാധാന്യവും തന്റെ ആരോഗ്യസംരക്ഷണ ദിനചര്യയിൽ എടുത്ത് കാണിക്കുന്നുണ്ട്.
ഒരു സസ്യഭുക്കായ ഇവർ ജൈവ, പ്രകൃതി അധിഷ്ഠിത ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പഞ്ചസാരയും കൃത്രിമ മധുരങ്ങളും പൂർണ്ണമായും ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ ചിട്ടയായ വ്യായാമ ക്രമത്തിന് അനുസൃതമായി പേശികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് ആവശ്യമായ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരുന്നതിനും നിത അംബാനി ശ്രദ്ധ കൊടുക്കുന്നുണ്ട്.യാത്രാവേളകളിലും തന്റെ ആരോഗ്യ സംരക്ഷണത്തിൽ നിന്ന് പിന്നോട്ട് പോകാത്ത ആളാണ് നിത അംബാനി. ഇത്തരം അവസരങ്ങളിൽ 5,000 മുതൽ 7,000 സ്റ്റെപ്പുകൾ വരെ നടന്ന് കൊണ്ടാണ് അവർ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നത്. അവരുടെ കൃത്യമായി ചിട്ടപ്പെടുത്തിയ വ്യായാമ രീതി ശരീരത്തിന്റെ സന്തുലിതാവസ്ഥ, ശക്തി, വഴക്കം, സഹിഷ്ണുത തുടങ്ങി ശാരീരികക്ഷമതയുടെ എല്ലാ വശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്.