ഇന്ത്യയിലെ രണ്ടാമത്തെ എംപോസ് കേസ് മലപ്പുറത്ത്! യുഎഇയിൽ നിന്ന് എത്തിയ യുവാവിൻ്റെ പരിശോധനാഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കേരളത്തിലെ മലപ്പുറം സ്വദേശി മഞ്ചേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മലപ്പുറം സ്വദേശിയായ 38കാരന് എംപോക്സ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ കേസാണിത്. വേഗത്തിൽ വൈദ്യസഹായം തേടുകയും ചികിത്സയ്ക്ക് വിധേയമാകുകയും ചെയ്തു. സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഈ പരിശോധനാ ഫലമാണ് എംപോക്സ് സ്ഥിരീകരിച്ചത്.ശരീരത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ നാട്ടിലെത്തിയ യുവാവ് അധികമാളുകളുമായി സമ്പർക്കം പുലർത്തിയിരുന്നില്ല.ഈ മാസം ആദ്യം ഡൽഹിയിൽ എംപോക്സ് സ്ഥിരീകരിച്ചിരുന്നു.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഹരിയാന സ്വദേശിയായ 26 കാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. ഓഗസ്റ്റിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രാജ്യാന്തരതലത്തിൽ ആശങ്കയുണ്ടാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽ രാജ്യങ്ങളിലും എംപോക്സ് കേസുകൾ വർധിച്ചതോടെ ഓഗസ്റ്റ് 14ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. പിന്നാലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ മുൻ കരുതലുകൾ സ്വീകരിക്കുകയും അധികൃതർ ജാഗ്രത നിർദേശം നൽകുകയും ചെയ്തു. ആഫ്രിക്കയിലെ 15 രാജ്യങ്ങളിൽ ഈ വർഷം എംപോക്സ് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. 2022 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ മാത്രം 120 ലേറെ രാജ്യങ്ങളിൽ എം പോക്സ് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.
ഒരുലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 220 ലേറെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. തുടക്കത്തിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. നിലവിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. രോഗബാധിതനായ വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പർശിക്കുക, ലൈംഗികബന്ധം, കിടക്ക, വസ്ത്രം എന്നിവയിൽ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യതയുണ്ട്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ചുവന്ന പാടുകൾ കാണപ്പെടും. ശരീരത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ നാട്ടിലെത്തിയ യുവാവ് അധികമാളുകളുമായി സമ്പർക്കം പുലർത്തിയിരുന്നില്ല. വേഗത്തിൽ വൈദ്യസഹായം തേടുകയും ചികിത്സയ്ക്ക് വിധേയമാകുകയും ചെയ്തു.