സത്യത്തെ 'അശ്ലീലമായി കാണരുത്'; വിവാദ പരാമർശത്തിൽ ടി പത്മനാഭനെതിരെ സി. ലൂസി കളപ്പുര!

Divya John
 സത്യത്തെ 'അശ്ലീലമായി കാണരുത്'; വിവാദ പരാമർശത്തിൽ ടി പത്മനാഭനെതിരെ സി. ലൂസി കളപ്പുര! സ്ത്രീകൾ എഴുതുന്ന അശ്ലീല സാഹിത്യത്തിന് മികച്ച വിൽപനയാണ് ഉള്ളതെന്നും മികച്ച സാഹിത്യകൃതികൾ ആർക്കും വേണ്ടെന്നുമായിരുന്നു ടി പത്മനാഭൻ്റെ വാക്കുകൾ. പ്രതികരണം ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം ഇതു പിൻവലിച്ചു മാപ്പ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എഴുത്തുകാരിയും എഫ്സിസി സന്യാസിനീസമൂഹാംഗവുമായ സിസ്റ്റർ ലൂസി പ്രതികരിച്ചു. എഴുത്തുകാരായ കന്യാസ്ത്രീകളെ ലക്ഷ്യമിട്ട് ടി പത്മനാഭൻ നടത്തിയ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര.മന്ത്രി എം വി ഗോവിന്ദൻ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ടി പത്മനാഭൻ്റെ വിവാദമായ പരാമർശം. കോഴിക്കോട്ട് എ സി ഗോവിൻ്റൻ്റെ സമ്പൂർണകൃതികളുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുമ്പോഴായിരുന്നു സംഭവം. "അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാൽ കൂടുതൽ വിറ്റഴിയും. ഈ സ്ത്രീയൊരു ക്രിസ്തീയ സന്യാസിനിയാണെങ്കിൽ അത്രയും നല്ലത്. സഭാ വസ്ത്രം അഴിച്ചാലും പേരിനൊപ്പം സിസ്റ്റ‍ർ എന്നു ചേ‍ർക്കുകയും വേണം." ടി പത്മനാഭൻ പറഞ്ഞു. "ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും.



  എഡിഷനുകൾ ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലയിൽ തുരുതുരെ ഇറങ്ങും. എല്ലാവർക്കും പണം. എല്ലാവർക്കും പണം. ഈ സ്ത്രീ ഒരു ക്രിസ്തീയ സന്യാസിനി, ഒരു സിസ്റ്റർ ആണെങ്കിൽ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ സഭാവസ്ത്രം ഊരിവെച്ച് അവരുടെ തിക്താനുഭവങ്ങൾ മഠത്തിൽ നിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ വളരെ ചെലവാണ്." ടി പത്മനാഭൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. സാഹിത്യത്തിലെ ഉന്നത പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നവർക്ക് സമൂഹത്തോടു ബാധ്യതയുണ്ട്. അവരെ പ്രതീക്ഷയോടെയാണ് നാട് നോക്കുന്നതെന്നും ടി പത്മനാഭൻ്റെ പ്രസ്താവനയെ വേദനയോടെ കാണുന്നുവെന്നും സി. ലൂസി പറഞ്ഞു. അദ്ദേഹം പ്രസ്താവന പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു."സത്യത്തിൽ ഭയമാണ് തോന്നിയത്. അദ്ദേഹം പറഞ്ഞ നാലഞ്ച് വാചകങ്ങളാണ് എന്നെ ഭയപ്പെടുത്തിയത്. സ്ത്രീസമൂഹത്തെ അദ്ദേഹം ആക്ഷേപിക്കുകയാണ്. സത്യങ്ങൾ എഴുതിയതിൻ്റെ പേരിൽ സത്യത്തെ അശ്ലീലമായി കണ്ട്, സത്യത്തെയും വായനക്കാരനെയും അദ്ദേഹം പരിഹസിക്കുകയും സമൂഹമധ്യത്തിൽ വില കുറച്ചു കാണുകയുമാണ്.



  " സി. ലൂസി സമയം മലയാളത്തോടു പറഞ്ഞു.എഫ്സിസി സന്യാസിനീസമൂഹത്തിൽ നിന്നു നേരിട്ട അച്ചടക്കഭീഷണിയ്ക്കു പിന്നാലെ സി. ലൂസി കളപ്പുര എഴുതിയ 'കർത്താവിൻ്റെ നാമത്തിൽ' എന്ന പുസ്തകം വലിയ ചർച്ചയായിരുന്നു. മഠത്തിൽ വെച്ച് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സന്ദർഭങ്ങളുമായിരുന്നു പുസ്തകത്തെ വേറിട്ടതാക്കിയത്. എന്നാൽ ഉന്നതനായ സാഹിത്യകാരൻ നടത്തിയ പരാമർശം സ്ത്രീകളോടുള്ള അവഗണനയായി കാണണമെന്നും സിസ്റ്റർ ലൂസി പറഞ്ഞു.സമൂഹത്തിൽ സ്ത്രീകൾക്ക് ഇന്നും രണ്ടാംകിട സ്ഥാനം മാത്രമാണുള്ളതെന്നും ഉന്നതസ്ഥാനങ്ങളിൽ ഉള്ളവരായാൽ പോലും ലൈംഗികപീഡനത്തിന് ഇരയാകുന്നവരെ പരിഹാസത്തോടെ കാണുന്ന നില ഇന്നുമുണ്ടെന്നും സിസ്റ്റർ ചൂണ്ടിക്കാട്ടി.



   "പക്ഷെ ഞങ്ങളെപ്പോലുള്ളവർ മഠത്തിൻ്റെ നാലു ചുവരുകൾക്കുള്ളിൽ അടഞ്ഞു പോകുന്നവരാണ്. ഇതിനകത്തു തന്നെ എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ട്, ലൈംഗിക ചൂഷണങ്ങളുണ്ട്. മാനസിക രോഗികളാക്കുന്ന സംഭവങ്ങളുണ്ട്, ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന സംഭവങ്ങളുണ്ട്. കൊന്നിടുന്ന സംഭവങ്ങളുണ്ട്. ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് ഇവയൊക്കെ വിവിധ മാധ്യമങ്ങളിലൂടെ പുറംലോകത്ത് എത്തിക്കുന്നത്." സിസ്റ്റർ ലൂസി കൂട്ടിച്ചേർത്തു. ഇതിനെ ചീത്ത അനുഭവങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ഈ നിലപാട് സ്ത്രീവിരുദ്ധമാണെന്നും സി. ലൂസി പറഞ്ഞു.

Find Out More:

Related Articles: