ആക്ടിവിസ്റ്റും ഗാനരചയിതാവുമായ മൃദുല ദേവിക്കെതിരെ സി എസ് ചന്ദ്രിക! താൻ നേരിട്ടറിയുന്ന ദളിത് പെൺകുട്ടിക്കെതിരെ സിവിക് ചന്ദ്രൻ ലൈംഗികമായി കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും അവൾ അപ്പോൾ തന്നെ തിരിച്ചടിച്ചുവെന്നും ചന്ദ്രിക പറയുന്നു. ദലിത് ആക്‌ടിവിസ്‌റ്റായ മൃദുലാദേവി സിവികിനു വേണ്ടി മാപ്പു പറഞ്ഞു എന്നും മൃദുല തന്നെ മധ്യസ്ഥ്യം വഹിച്ച് സിവിക് ഫോണിലൂടെ മാപ്പു പറഞ്ഞു എന്നുമുള്ള വിവരങ്ങളാണ് താൻ അറിഞ്ഞതെന്നും ചന്ദ്രിക ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രനെതിരായ പീഡന പരാതി ദളിത് ആക്ടിവിസ്റ്റും ഗാനരചയിതാവുമായ മൃദുല ദേവി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരി സി എസ് ചന്ദ്രിക.ചന്ദ്രിക പറയുന്നത് ഇങ്ങനെ- "സിവിക് ചന്ദ്രന്റെ ലൈംഗികാക്രമണം നേരിട്ട ഒരു പെൺകുട്ടി ഒടുവിൽ പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തതായി വാർത്ത കണ്ടു.
സിവിക് ചന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായ ലൈംഗികാക്രമണങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പലരും ഫേസ്‌ബുക്കിൽ എഴുതിയതു കണ്ടപ്പോഴെല്ലാം ആ പരാതിയുടെ വിശദവിവരങ്ങളറിയാത്തതുകൊണ്ട് കാത്തിരിക്കുകയായിരുന്നു. പ്രബലർക്കെതിരെ പരാതിപ്പെടുന്ന പെൺകുട്ടികൾ ഒറ്റപ്പെടാനും ഇനിയും വേദനിക്കാനും ഇട വരരുത്." "എഴുത്തുകാർ ആരും പ്രതികരിക്കുന്നില്ല എന്നുള്ള ബിന്ദു അമ്മിണിയുടെ പോസ്റ്റ് കണ്ടപ്പോൾ വിഷമം തോന്നിയതു കൊണ്ട് ആ പരാതിയെക്കുറിച്ച് ബിന്ദുവിനോട് തന്നെ ചോദിച്ചു. ഒരു സ്‌ത്രീയെ അല്ല പല സ്‌ത്രീകളെയും സിവിക് ഈ വിധം ലൈംഗികമായി കയ്യേറ്റം നടത്തിയിട്ടുള്ളതായും അവരിൽ ചിലരുടെ പേരുകളും ബിന്ദു പറഞ്ഞു. എനിക്ക് വളരെ അടുത്തു പരിചയമുള്ള, പ്രിയപ്പെട്ട ഒരു പെൺകുട്ടിയുടെ പേരു കൂടി ആ കൂട്ടത്തിൽ കേട്ടു.
ഞാൻ ഫോണിൽ വിളിച്ച് കാര്യങ്ങൾ ചോദിച്ചു. അവൾ നേരിട്ട കയ്യേറ്റത്തിന്റെ നടുക്കുന്ന വിവരണങ്ങൾ കേട്ടു.
അവൾ അപ്പോൾ തന്നെ തിരിച്ചടിച്ചു എന്നും പറഞ്ഞു. ദലിത് ആക്‌ടിവിസ്‌റ്റായ മൃദുലാദേവി സിവികിനു വേണ്ടി മാപ്പു പറഞ്ഞു എന്നും മൃദുല തന്നെ മധ്യസ്ഥ്യം വഹിച്ച് സിവിക് ഫോണിലൂടെ മാപ്പു പറഞ്ഞു എന്നുമുള്ള വിവരങ്ങളാണ് കേട്ടത്. തന്നോട് ആരും മാപ്പ് പറയേണ്ടതില്ല എന്ന് അന്നു തന്നെ അവൾ ശക്തമായി പറഞ്ഞിട്ടുമുണ്ട്."
"നാലു വർഷങ്ങൾക്കു മുമ്പാണ് ഈ സംഭവം. പരാതിപ്പെട്ടാൽ ഉണ്ടാകാവുന്ന അരക്ഷിതമായ സാമൂഹ്യ, കുടുംബ സാഹചര്യങ്ങൾ കൊണ്ട് മാത്രമാണ് ഇതുവരേയും പരാതിപ്പെടാതിരിക്കുന്നത് എന്നും പറഞ്ഞു. കുറച്ചു കൂടി കഴിഞ്ഞ്, ശ്രദ്ധയോടെ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്ന ഒരു ജോലി തീർത്താൽ തീർച്ചയായും എല്ലാം തുറന്നു പറയുമെന്നും അവൾ പറഞ്ഞു. ഒന്നല്ല, രണ്ടല്ല, മൂന്ന് ദലിത് പെൺകുട്ടികൾക്കു നേരെ സിവിക് ലൈംഗിക കയ്യേറ്റങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ പറഞ്ഞു."