നടിയെ ആക്രമിച്ച കേസ്; പുതിയ മേൽനോട്ട ചുമതല ആർക്ക്?

Divya John
 നടിയെ ആക്രമിച്ച കേസ്; പുതിയ മേൽനോട്ട ചുമതല ആർക്ക്? എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് സ്ഥാനത്തുനിന്നും മാറ്റിയതിനെതിരെ ഹൈക്കോടതിയിൽ വന്ന ഹർജി പരിഗണിക്കവേയാണ് കോടതി ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയോടാണ് കോടതിയുടെ ചോദ്യം. കേസിൻറെ തുടരന്വേഷണത്തിനിടെയാണ് എസ്. ശ്രീജിത്തിനെ മാറ്റിയിരുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ മേൽനോട്ട ചുമതല ആർക്കെന്ന് ആരാഞ്ഞ് കോടതി.എസ്. ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോയെന്ന് ഈ മാസം 19ന് മുമ്പ് മറുപടി നൽകണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.



  ക്രൈംബ്രാഞ്ച് സ്ഥാനത്തുനിന്നും മാറ്റിയതിന് പിന്നാലെ എസ്.ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറാക്കിയിരുന്നു. എസ്.ശ്രീജിത്തിനെ മാറ്റിയ നടപടി നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മെയ് 31നകം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ഷേക് ദർവേഷ് സാഹിബാണ് ഇപ്പോൾ നിലവിലെ ക്രൈംബ്രാഞ്ച് മേധാവി.
 ക്രൈംബ്രാഞ്ച് മേധാവി എന്ന നിലയിലാണ് എസ്. ശ്രീജിത്തിനെ മേൽനോട്ട ചുമതല ഏൽപിച്ചതെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ വിശദീകരണം നൽകിയത്.




  എന്നാൽ ഇതിൽ തൃപ്തി വരാത്തതിനാലാണ് സംസ്ഥാന പോലീസ് മേധാവി ഡിജിപി അനിൽകാന്തിനോട് കോടതി വിശദീകരണം തേടിയിരിക്കുന്നത്. ബൈജു കൊട്ടാരക്കരയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.  നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെ തൻറെ സ്ഥലം മാറ്റം ബാധിക്കില്ലെന്ന് ക്രൈം ബ്രാഞ്ച് മുൻ മേധാവിയും എഡിജിപിയുമായ എസ് ശ്രീജിത്ത്. സർക്കാർ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം നൽകുക മാത്രമാണ് താൻ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണസംഘത്തിനോ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് എഡിജിപിയുടെ പ്രതികരണം. 



  നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസും നിർണായ ഘട്ടത്തിലെത്തി നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ ആശങ്ക രേഖപ്പെടുത്തി പലരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് എഡിജിപിയുടെ പ്രതികരണം. ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ നടപടിക്കെതിരെ സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമാണ്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ പറഞ്ഞിരുന്നു.
 

Find Out More:

Related Articles: