സഭയിൽ 100 തികയ്ക്കാൻ എൽഡിഎഫ്; പ്രചാരണത്തിന് മന്ത്രിമാരും നേതാക്കളും!

Divya John
 സഭയിൽ 100 തികയ്ക്കാൻ എൽഡിഎഫ്; പ്രചാരണത്തിന് മന്ത്രിമാരും നേതാക്കളും!  പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെയും മന്ത്രിമാരെയും മണ്ഡലത്തിൽ പ്രചരണത്തിനിറക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്. കൃത്യമായ പ്രചാരണപ്രവർത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞദിവസം ഇടതുമുന്നണി തുടക്കം കുറിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇടതുമുന്നണിയുടെ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തത്. തൃക്കാക്കര നിയോജക മണ്ഡലം പിടിച്ചെടുക്കാൻ പഴുതടച്ച പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ സിപിഎം.



    ഈ യോഗത്തിൽ വെച്ചാണ് തൃക്കാക്കരയിൽ വിജയിച്ച് നിയമസഭയിലെ എൽഡിഎഫ് അംഗസംഖ്യ നൂറാക്കി ഉയർത്തുമെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയെച്ചൊല്ലി അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് കൃത്യമായ പ്രചാരണത്തിലൂടെ മണ്ഡലം പിടിക്കാൻ സിപിഎം തയ്യാറെടുക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും യുവനേതാവുമായ എം സ്വരാജിനെ മണ്ഡലം സെക്രട്ടറിയായി യോഗം തെരഞ്ഞെടുത്തത് കഴിഞ്ഞദിവസം തന്നെ ചർച്ചയായിരുന്നു.  ഇടതുമുന്നണിയിലെ സംസ്ഥാന നേതാക്കളടക്കം വീടുകൾ കയറി പ്രചാരണം നടത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. എതിർ പ്രചാരണങ്ങളുടെ മുനയൊടിക്കാൻ കെ- റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ നേതാക്കൾ ജനങ്ങളോട് നേരിട്ട് വിശദീകരിക്കുകയും ചെയ്യും.




   തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ പാർട്ടിയും മുന്നണിയും മുഴുവൻ സംവിധാനവും ഉപയോഗിച്ച് പ്രചാരണം നടത്തുമെന്ന് വ്യക്തമാക്കുന്നതായിരുന്നു മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തിലെ കോടിയേരിയുടെ പ്രസംഗം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും, മന്ത്രിമാരും എംഎൽഎമാരും മണ്ഡലത്തിൽ മുഴുവൻ സമയ പ്രവർത്തനത്തിനെത്തും. കഴിഞ്ഞ ആറ് വർഷക്കാലത്തെ പിണറായി സർക്കാരിൻറെ നേട്ടങ്ങൾ ഇവർ ഓരോ വീട്ടിലും നേരിട്ടെത്തി വിശദീകരിക്കും. വികസനം തടസപ്പെടുത്താൻ യുഡിഎഫും ബിജെപിയും ഒന്നിച്ചു പ്രവർത്തിക്കുകയാണെന്നും ഇത് ജനങ്ങളോട് വിശദീകരിക്കുമെന്നുമാണ് കോടിയേരി പറയുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞാലുടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാകുന്ന രീതിയിലാണ് മുന്നണി കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്.




   സിൽവർ ലൈൻ ടെർമിനൽ തൃക്കാക്കര മണ്ഡലത്തിലാണെങ്കിലും ഇവിടെ പദ്ധതിക്കുവേണ്ടി വളരെ കുറച്ചു ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടി വരുന്നുള്ളൂ. വീടുകളൊന്നും നഷ്ടപ്പെടുന്നുമില്ല. ഇതിന് പുറമെ, കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രം അനുമതി നൽകാത്തതും ജനങ്ങളോട് വിശദീകരിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും പ്രധാന പ്രശ്നമായി ഉയർത്തിക്കാട്ടുന്ന കെ റെയിൽ വിഷയം വോട്ടാക്കി മാറ്റാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ജില്ലയിൽ കെ റെയിൽ കടന്നുപോകുന്നത് തൃക്കാക്കര മണ്ഡലത്തിൽ കൂടിയാണെന്നതും ശ്രദ്ധേയമാണ്.മണ്ഡലം രൂപം കൊണ്ടതുമുതൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനെ വിജയിപ്പിച്ച ചരിത്രമാണ് തൃക്കാക്കരയ്ക്ക് ഉള്ളത്. 




  അതുകൊണ്ട് തന്നെ മണ്ഡലത്തിലെ വികസനവും ഇത്തവണ ഇടതുപക്ഷം ചർച്ചയാക്കും. മണ്ഡലത്തിലെ വികസന മുരടിപ്പ് തുറന്നു കാട്ടുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. തുതിയൂർ പാലം ഉൾപ്പെടെ വികസന പദ്ധതികൾക്ക് വരുംദിവസങ്ങളിൽ തുടക്കം കുറിക്കുകയും ചെയ്യുന്നതോടെ വികസനം ഉപതെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി മാറും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിനെയാണ് തൃക്കാക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി യോഗം തെരഞ്ഞെടുത്തത്. സ്വരാജിന് പുറമെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായി പി രാജീവ് എന്നിവർക്കാണ് തെരഞ്ഞെടുപ്പ് ചുമതല സിപിഎം നൽകിയിരിക്കുന്നത്.

Find Out More:

Related Articles: