എന്താണ് ക്രിമിനൽ നടപടി ബിൽ? ജനവിരുദ്ധമെന്ന് പ്രതിപക്ഷവും! ജനവിരുദ്ധമെന്ന ആരോപണം നേരിടുന്ന ഒരു ബില്ലാണ് ക്രിമിനൽ നടപടി ബിൽ. കേസുകളിൽ അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും ബയോമെട്രിക് വിവരങ്ങളും ശരീരസ്രവ സാമ്പിളുകളും ശേഖരിക്കാൻ പോലീസിനെ അനുവദിക്കുന്ന ക്രിമിനൽ നടപടി ബിൽ ലോക്സഭയിൽ പാസായി. സ്വകാര്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിച്ചെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. പുതുതലമുറയുടെ ഇന്നത്തെ കാലത്തെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ക്രിമിനൽ നടപടികളിൽ മാറ്റം ആവശ്യമാണെന്നും ഈ സാഹചര്യത്തിലാണ് പുതിയ നിയമം പാസാക്കുന്നതെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത്.
പുതിയ കാലത്തെ കുറ്റകൃത്യങ്ങൾ തടയാൻ ബ്രിട്ടീഷ് ഭരണകാലത്തെ നിയമം അപര്യാപ്തമണെന്നും കേന്ദ്രസർക്കാർ പറയുന്നു. കേസുകളുടെ ഭാഗമായി അറസ്റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും ബയോമെട്രിക് വിവരങ്ങളും ശരീരസ്രവ സാമ്പിളുകളും ശേഖരിക്കാൻ പുതിയ നിയമം പോലീസ് ഉദ്യോഗസ്ഥരെ അനുവദിക്കുന്നുണ്ട്. നിലവിൽ ചുരുക്കം ചില കേസുകളിലെ പ്രതികളുടെ വിരളടയാളങ്ങളും കാൽപാദങ്ങളുടെ അടയാളങ്ങളും മാത്രമാണ് ശേഖരിക്കാൻ പോലീസിന് അനുമതിയുള്ളത്. വ്യക്തികളുടെ വിരളടയാളങ്ങൾ, കൈപ്പത്തിയുടെ അടയാളം, കാലടയാളം, ഫോട്ടോകൾ, കൃഷ്ണമണിയുടെയും റെറ്റിനയുടെയും സ്കാൻ, ശരീര സാമ്പിളുകൾ എന്നിവയാണ് പോലീസിനു ശേഖരിക്കാനാകുന്നത്. കൂടാതെ കൈയ്യൊപ്പുകൾ, കൈയ്യക്ഷരം തുടങ്ങിയവയും പോലീസ് ശേഖരിക്കും.
സിആർപിസി 53ലോ 53എയിലോ പ്രതിപാദിച്ചിട്ടുള്ള മറ്റു പരിശോധനകളും പോലീസിനു നടത്താനാകും. രക്തം, മുടിയുടെ സാംപിൾ, ശുക്ലം, സ്രവസാമ്പിളുകൾ, ഡിഎൻഎ തുടങ്ങിയവയും പോലീസിനു ശേഖരിക്കാനാകും. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കു പുറമെ പ്രതികളാകുന്നവർക്കും ഇതു ബാധകമാകും. ഈ വിവരങ്ങൾ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ 75 വർഷത്തോളം സൂക്ഷിച്ചു വെക്കണമെന്നും സ്വകാര്യത ഉറപ്പു വരുത്തണമെന്നുമാണ് നിർദേശം. പുതിയ ബിൽ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നും രാജ്യത്ത് പോലീസ് ഭരണമുണ്ടാകാൻ ഇത് കാരണമാകുമെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. പല വിദേശരാജ്യങ്ങളിലും സമാനമായ നിയമങ്ങളുണ്ടെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിയമം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.
പോലീസിനെ ആധുനികവത്കരിക്കുക എന്നത് കേന്ദ്രസർക്കാരിൻ്റെ പ്രഖ്യാപിത നയമാണെന്നും കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പോലീസിനു കൂടുതൽ തെളിവുകൾ ലഭ്യമാക്കുക എന്നതാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നുമാണ് കേന്ദ്രസർക്കാർ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ പല കേസുകളിലും പ്രതികളാകുന്നവരിൽ 90 ശതമാനത്തിലധികവും ശിക്ഷിക്കപ്പെടുമ്പോൾ ഇന്ത്യയിൽ കൊലപാതകം പോലുള്ള ഹീനകൃത്യങ്ങളിൽ പോലും 50 ശതമാനത്തിൽ താഴെയാണ് ഈ നിരക്കെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാണിക്കുന്നു. നിസ്സാര കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലാകുന്നവരെ പോലും ഉപദ്രവിക്കാൻ ഉതകുന്നതാണ് നിയമമെന്നും ഗുരുതരമായ കേസുകൾക്ക് മാത്രമായി നിയമം പരിമിതപ്പെടുത്തണമെന്നും പ്രതിപക്ഷം ലോക്സഭയിൽ ആവശ്യപ്പെട്ടു.