വാക്‌സിനെടുക്കാത്ത പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനമില്ലേ?
നേരത്തേ കൊവിഡ് വാക്സിൻ എടുത്തവരെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഫെബ്രുവരി ഏഴിന് പ്രഖ്യാപിച്ച നിരോധനം ഇതുവരെ നീക്കിയിട്ടില്ല. രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിൻ എടുക്കുകയും രണ്ടാമത്തെ ഡോസ് എടുത്ത ശേഷം രണ്ടാഴ്ച പിന്നിടുകയും ചെയ്തവരെയും ഒന്നാമത്തെ ഡോസ് വാക്‌സിൻ എടുത്ത് അഞ്ചാഴ്ച പിന്നിട്ടവരെയും ഹോട്ടൽ ക്വാറന്റൈൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കുമെന്നായിരുന്നു റിപ്പോർട്ട്.
കുവൈറ്റിൽ തൊഴിലാളി ക്ഷാമം കാരണം കരാർ കമ്പനികൾ നടത്തുന്ന പ്രവർത്തനം വൻ നഷ്ടത്തിലായി. അവധിയ്ക്ക് നാട്ടിൽ പോയ ആയിരക്കണക്കിന് പേർക്ക് തിരികെയെത്താൻ സാധിക്കാത്തതും പുതിയ തൊഴിലാളികളുടെ റിക്രൂട്‌മെന്റ് ഇല്ലാത്തതുമാണ് പ്രധാന കാരണം. ആഭ്യന്തരം, ആരോഗ്യം, ഔഖാഫ്, വാണിജ്യ- വ്യവസായം, നീതിന്യായം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള പദ്ധതികൾ പാതിവഴിയിലായിരിക്കുകയാണ്. ഏറ്റെടുത്ത കരാറുകൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാതിരുന്നാൽ കമ്പനികൾ പിഴ അടയ്‌ക്കേണ്ടി വരും.
പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും വേണ്ടിയുള്ള കരാർ പദ്ധതികൾ ഏറ്റെടുത്ത ഒട്ടേറെ കമ്പനികളുണ്ട്. വേണ്ടത്ര തൊഴിലാളികൾ ഇല്ലാത്തത് പദ്ധതികൾ നിശ്ചിത സമയത്ത് പൂർത്തീകരിക്കാനാകുന്നില്ല. ഈ സാഹചര്യത്തിൽ കനത്ത നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് പല കമ്പനികളും. തൊഴിലാളികളുടെ എണ്ണത്തിൽ 50 % വരെ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ചില പദ്ധതികൾ 10 ശതമാനം പോലും പൂർത്തീകരിച്ചിട്ടില്ല.