ഫെയ്‌സ് മാസ്‌കോ ഫെയ്‌സ് ഷീൽഡോ? ഏതാണ് നല്ലത്?
അടുത്തിടെ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്ന ഉമിനീർ തുള്ളികളെ പ്രതിരോധിച്ചു നിർത്തുന്നതിൽ ഫെയ്സ് ഷീൽഡുകളുടെ ഉപയോഗം അത്രയധികം ഫലപ്രദമല്ല എന്നതാണ്.കൊറോണവൈറസ് ബാധ തടയാൻ ഫെയ്‌സ് മാസ്ക് ആണോ അതോ ഫെയ്‌സ് ഷീൽഡ് ആണോ കൂടുതൽ ഫലപ്രദം എന്ന സംശയം പലർക്കുമുണ്ടാകാം. സാധാരണ നാം ധരിക്കുന്ന ഫേസ് മാസ്ക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫെയ്സ് ഷീൽഡുകൾ ധരിക്കാൻ കൂടുതൽ എളുപ്പവും വളരെ സുഖകരവുമാണ്. എന്നാൽ ജപ്പാനിലെ റിക്കൻ സെന്ററിൽ നടത്തിയ ഗവേഷണങ്ങളിൽ നിന്ന് ഇത്തരം ഫെയ്സ് ഷീൽഡുകകളുടെ ഉപയോഗം സാധാരണ മാസ്ക്കുകൾ നൽകുന്ന അത്ര തന്നെ ഫലങ്ങൾ നൽകുന്നില്ല എന്ന് കണക്കാക്കാൻ കഴിഞ്ഞു. വൈറസിന്റെ ആക്രമണത്തിൽ നിന്ന് രക്ഷ നേടുന്നതിനായി എല്ലാവരും ഫെയ്‌സ് മാസ്കുകളും സാനിറ്റൈസറുകളുമൊക്കെയാണ് ശീലമാക്കിയിരിക്കുന്നത്. എന്നാൽ ഫെയ്‌സ് ഷീൽഡുകളുടെ ഉപയോഗം ഇപ്പോൾ വ്യാപകമായി കണ്ടുവരുന്നുണ്ട്. ഗവേഷണ സംഘത്തിലെ ടീം നേതാവായ മക്കോടോ സുബോകുരയുടെ അഭിപ്രായമനുസരിച്ച് ഇത്തരം ഷീൽഡുകൾ രോഗബാധിതരായ വ്യക്തികളിൽ നിന്ന് രോഗം പടരാതിരിക്കാൻ ഫലപ്രാപ്തി നൽകുമെന്നും, സാധാരണ മാസ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗമില്ലാത്ത വ്യക്തികൾക്ക് ഇത് സുരക്ഷ നൽകുന്നത് പരിമിതമാണെന്നും ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ ഫെയ്സ് ഷീൽഡുകൾ ധരിക്കുന്നത് നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും അപകടത്തിലാക്കിയേക്കും. ഫേസ് ഷീൽഡുകൾ എത്രത്തോളം ഉപയോഗപ്രദമാണെന്ന് മനസിലാക്കാനായി ജാപ്പനീസ് ഗവേഷകർ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറായി കണക്കാക്കപ്പെടുന്ന ഫുഗാകു ഉപയോഗിച്ച് സിമുലേഷൻ പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. അവരുടെ കണ്ടെത്തലുകളിൽ നിന്നും വ്യക്തമാകുന്നത് ഇത്തരം ഫെയ്സ് ഷീൽഡുകൾ അഞ്ച് മൈക്രോമീറ്ററിൽ താഴെ വലിപ്പത്തിലുള്ള വായുവിലൂടെയുള്ള തുള്ളികളെ നൂറുശതമാനവും സുരക്ഷ ഭേദിച്ച് പുറത്തുകടക്കാൻ അനുവദിക്കുന്നു എന്നതാണ്. പ്ലാസ്റ്റിക് ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ഇത്തരം ഷീൽഡുകൾക്ക് കൂടുതലും വലിയ ഉമിനീർത്തുള്ളികളെ മാത്രമേ പ്രതിരോധിച്ചു നിർത്താൻ കഴിയൂ എന്നവർ അഭിപ്രായപ്പെടുന്നു. മൂക്കും വായും ഒരുപോലെ മറച്ച് സംരക്ഷണം നൽകാൻ ഫെയ്‌സ് മാസ്കിന് കഴിയും.
അതേസയമം ഫെയ്‌സ് ഷീൽഡ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ മുഖത്തിന് മൊത്തത്തിൽ സുതാര്യമായ സംരക്ഷണം നൽകുക മാത്രമാണ് ചെയ്യുന്നത്. മാസ്കും ഫെയ്‌സ് ഷീൽഡും ഒരുമിച്ച് ധരിക്കാവുന്നതാണ്. മാസ്കിന്റെ സ്ഥാനം ഇടയ്ക്കിടെ മാറി പോയാലും ഒരു പരിധി വരെ ഫെയ്‌സ് ഷീൽഡ് ഉണ്ടെങ്കിൽ സംരക്ഷണമേകും. ഫെയ്‌സ് ഷീൽഡ് മാത്രമായി ധരിക്കുന്നത് ആരോഗ്യകരമായ രീതിയല്ല. കൊറോണ വൈറസ് രോഗത്തിന്റെ ഏറ്റവും ഭയാനകമായ ഒരു ഭാഗം പലപ്പോഴും ഇത് ചിലയാളുകളിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ല എന്നതാണ്. ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും വൈറസ് അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഒട്ടും കുറവല്ല. അതിനാൽ, രോഗലക്ഷണമില്ലാത്ത ഒരാൾ ശരിയായ മാസ്കിന് പകരം ഒരു ഷീൽഡ് ധരിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, അയ്യാൾ തനിക്ക് ചുറ്റുമുള്ള ആളുകളുടെ അപകടസാധ്യതയെ ഉയർന്നതാക്കുന്നു.