അബുദാബിയിൽ എത്തുന്നവർക്ക് നാലാം ദിനം കോവിഡ് ടെസ്റ്റ്

Divya John
അബുദാബിയിൽ എത്തുന്നവർക്ക് നാലാം ദിനം കോവിഡ് ടെസ്റ്റ് നടത്തും. നവംബർ എട്ട് മുതൽ എമിറേറ്റിൽ പ്രവേശിക്കുന്നവർക്ക് നാലാം ദിനം കൊവിഡ് പരിശോധന നടത്തണമെന്നാണ് പുതിയ ചട്ടം. എട്ട് ദിവസത്തിൽ അധികം എമിറേറ്റിൽ തങ്ങുന്നുണ്ടെങ്കിൽ എട്ടാം ദിവസം പിസിആർ പരിശോധന നടത്തണമെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.അബുദാബിയിൽ എത്തുന്നവർക്കുള്ള കൊവിഡ്-19 പരിശോധനാ ചട്ടങ്ങളിൽ മാറ്റം വരുത്തി.അബുദാബി ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, അബുദാബി പോലീസ് എന്നിവരാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം പാലിക്കാത്തവർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.എമിറേറ്റിൽ എത്തുന്ന ദിവസമാണ് ഒന്നാം ദിനമായി പരിഗണിക്കുക.

  അതേസമയം അബുദാബിയിൽ പ്രവേശിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ/ ഡിപിഐ പരിശോധനയുടെ ഫലം ആവശ്യമാണ്. താമസക്കാർക്കും സന്ദർശക വിസക്കാർക്കും നിയമം ഒരുപോലെ ബാധകമാണ്. അതേസമയം അബുദാബി വിദ്യാഭ്യാസ മന്ത്രാലയം അബുദാബി എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ കമ്മിറ്റിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായി ക്ലാസ്സുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്. കൊവിഡ് വൈറസിൻറെ വ്യാപനത്തെ തുടർന്ന് അടച്ചിട്ട അബൂദാബിയിലെ സ്വകാര്യ സ്‌കൂളുകൾ 2021 ജനുവരി മുതൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനം.

  ജനുവരിയിൽ സ്‌കൂൾ ക്ലാസ്സുകൾ ആരംഭിക്കുന്നതോടെ ഈ അക്കാദമിക വർഷത്തെ രണ്ടാം സെമസ്റ്ററിന്റെ തുടക്കം മുതൽ ക്ലാസ്സുകളിലിരുന്ന് പഠനം നടത്താൻ കുട്ടികൾക്ക് കഴിയും. അതേസമയം, കൊവിഡ് പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും പൂർണമായും പാലിച്ചുകൊണ്ടുമാത്രമേ ക്ലാസ്സുകൾ പുനരാരംഭിക്കാൻ അനുവദിക്കുകയുള്ളൂ എന്ന് അബൂദാബി ഗവ. മീഡിയ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.ചെറിയ ക്ലാസ്സുകൾ മുതൽ ജനുവരിയിൽ പ്രവർത്തനം പുനരാരംഭിക്കാനാണ് തീരുമാനം. നേരത്തേ ആഗസ്ത് 30ന് തന്നെ സ്‌കൂളുകളിൽ പുതിയ അഡ്മിഷൻ നൽകാനും ഓൺലൈനായി ക്ലാസ്സുകൾ നടത്താനും മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതുപ്രകാരം ഒന്നാം സെമസ്റ്റർ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

  തങ്ങളുടെ മുഴുവൻ വിദ്യാർഥികളെയും ക്ലാസ്സുകളിലേക്ക് സ്വാഗതം ചെയ്യുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞതായി അബുദാബി ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ നീരജ് ഭാർഗവ പറഞ്ഞു. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും അത് ക്ലാസ്സ് റൂം പഠനത്തിന് പകരമാവില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കുട്ടികൾക്ക് സഹപാഠികളുമായും സുഹൃത്തുക്കളുമായും മറ്റും ഇടപഴകാൻ സാധിക്കുമ്പോൾ മാത്രമേ അവരുടെ മാനസിക ആരോഗ്യം ശക്തിപ്പെടുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

Find Out More:

Related Articles: