'കർഷകനേതാക്കളെ വെടിവെച്ചു കൊല്ലാൻ പദ്ധതി!

Divya John
'കർഷകനേതാക്കളെ വെടിവെച്ചു കൊല്ലാൻ പദ്ധതി! റിപബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലിയ്ക്കിടെ കർഷക സംഘടനാ നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് കർഷകർ ഒരു ആയുധധാരിയെ പിടികൂടി പോലീസിനു മുന്നിൽ ഹാജരാക്കി. റിപബ്ലിക് ദിനത്തിൽ അക്രമമുണ്ടാക്കാനായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് ആരോപണം.സിംഘു അതിർത്തിയിലെ കർഷക സമരവേദിയിൽ നാടകീയ രംഗങ്ങൾ.പോലീസിൻ്റെ വേഷം ധരിച്ചെത്തി റാലിയ്ക്കിടെ ലാത്തിച്ചാർജ് നടത്താനായിരുന്നു ഇയാൾക്ക് നൽകിയിരുന്ന നിർദേശമെന്ന് കർഷകർ ആരോപിച്ചു. മാസ്ക് ധരിപ്പിച്ച് മാധ്യമങ്ങൾക്ക് മുൻപിലെത്തിച്ച ഇയാളോട് സമരത്തിനെതിരെ നടത്തുന്ന നീക്കം വിശദീകരിക്കാനും കർഷകർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി നടത്തിയ വാർത്താസമ്മേളനത്തിനിനടെയാണ് ഒരു അക്രമിയെ കർഷകർ പോലീസിനു മുന്നിൽ ഹാജരാക്കിയത്. "ഞങ്ങൾക്ക് രണ്ട് സംഘങ്ങളുണ്ട്.

   ജനുവരി 19 മുതൽ ഞാൻ ഇവിടെയുണ്ട്. പ്രതിഷേധക്കാരുടെ കൈവശം ആയുധങ്ങളുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു എനിക്ക് നൽകിയിരുന്ന ദൗത്യം. ജനുവരി 26ന് ഞങ്ങളുടെ മറ്റു സംഘാംഗങ്ങളും പ്രതിഷേധക്കാർക്ക് (കർഷകർക്ക്) ഒപ്പം ചേരും. പ്രതിഷേധം പരേഡിനോട് അടുക്കുമ്പോൾ അവർക്കു നേർക്ക് വെടിവെക്കാനായിരുന്നു ഞങ്ങൾക്ക് ലഭിച്ച നിർദേശം." മാസ്ക് ധാരി മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, പോലീസിനെയും പ്രതിക്കൂട്ടിലാക്കുന്നതാണ് ഇയാളുടെ വെളിപ്പെടുത്തൽ. "ജനുവരി 26ന് നടത്തുന്ന പ്രതിഷേധത്തിനിടെ ആദ്യം പോലീസ് കർഷകർക്ക് റാലി നിർത്താൻ ആവശ്യപ്പെട്ട് മുന്നറിയിപ്പ് നൽകും. എന്നാൽ അവർ നിർത്തിയില്ലെങ്കിൽ ആദ്യം അവരുടെ മുട്ടിനു നേർക്ക് വെടിവെക്കാനാണ് പദ്ധതി. ഇതിനു പിന്നാലെ ഞങ്ങളുടെ സംഘത്തിലെ പത്തു പേർ കർഷകരുടെ ഭാഗത്തു നിന്ന് വെടിയുതിർക്കും. കർഷകർ തിരിച്ചു വെടിവെച്ചു എന്ന പ്രതീതിയുണ്ടാക്കാനാണിത്." അയാൾ വെളിപ്പെടുത്തി.

  ഒപ്പം അക്രമിയെ പിടികൂടിയത് എങ്ങനെയെന്ന് ബികെയു നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ വിശദീകരിച്ചു. സമരവേദിയിൽ തർക്കമുണ്ടാക്കാൻ ഇയാൾ ശ്രമിച്ചതായി കർഷകസംഘടനാ നേതാവ് ആരോപിച്ചു. പ്രതിഷേധക്കാർ സ്ഥലത്ത് ഒരു പെൺകുട്ടിയെ അപമാനിച്ചതായി ആരോപിച്ച് ബഹളമുണ്ടാക്കാനായിരുന്നു ഇയാൾ ശ്രമിച്ചത്. തർക്കത്തിനിടെ പ്രതിഷേധക്കാർ ആയുധമെടുക്കുമോ എന്നറിയാനും ഇവരുട പക്കൽ ആയുധങ്ങൾ ഉണ്ടോ എന്നറിയാനുമാണ് ഇയാൾ ഈ നീക്കം നടത്തിയതെന്നും ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യങ്ങൾ ഇയാൾ തുറന്നു സമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു പദ്ധതി വെളിപ്പെട്ടത്. കർഷകനേതാക്കൾ ഇയാളെ ചോദ്യം ചെയ്യാനായി ഹരിയാന പോലീസിനു കൈമാറി. കർഷകസമരത്തിനിടെ അക്രമമുണ്ടാക്കുന്നതിനു തൻറെ പ്രതിഫലം പതിനായിരം രൂപയാണെന്ന് അയാൾ മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിച്ചു. ഓരോരുത്തർക്കും പതിനായിരം രൂപ വീതമാണ് ജോലിയേൽപ്പിച്ചവർ നൽകുന്ന പ്രതിഫലം.

  "ഞങ്ങൾ പണത്തിനു വേണ്ടിയാണ് ഈ പണിയെടുക്കുന്നത്. എന്നാൽ എൻറെ കൂടെയുള്ള മറ്റാരെയും പിടികൂടിയിട്ടില്ല. ഞങ്ങളുടെ കുടുംബങ്ങളെ ഇതേപ്പറ്റി അറിയിക്കരുതെന്നാണ് അപേക്ഷ. അക്രമമുണ്ടാക്കാൻ പതിനായിരം രൂപയാണ് എനിക്ക് വാഗ്ദാനം ചെയ്തത്." അയാൾ പറഞ്ഞു. "ഇവിടെ അക്രമമുണ്ടാക്കാൻ നുഴഞ്ഞുകയറുന്നവരുടെ വേഷം എങ്ങനെയായിരിക്കുമെന്നും എനിക്ക് വിവരം കിട്ടിയിരുന്നു. ഷൂസും തലപ്പാവും കീറിയ ജീൻസുമായിരിക്കും അവരുടെ വേഷം. മറ്റുള്ളവർ ജനുവരി 26ന് പോലീസ് യൂണിഫോമിലായിരിക്കും വരിക." അയാൾ വ്യക്തമാക്കി. അക്രമത്തിൻ്റെ പ്രധാന സൂത്രധാരൻ ഹരിയാന സോനേപത് റായ് പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർ പ്രദീപ് ആണെന്നായിരുന്നു മാസ്ക് ധാരിയുടെ വാക്കുകൾ. എന്നാൽ ഹരിയാന പോലീസ് ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ എട്ട് മാസമായി വിവേക് മാലിക് എന്നയാളാണ് ഇവിടുത്തെ സ്റ്റേഷൻ ഹൗസ് ഓഫീസറെന്നും സംഭവവുമായി ബന്ധമില്ലന്ന് ഇദ്ദേഹം വ്യക്തമാക്കിയെന്നും ചാനൽ റിപ്പോർട്ട് ചെയ്തു. വാർത്താ സമ്മേളനം മുഴുവൻ കേട്ടെന്നും കർഷകനേതാക്കൾ പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Find Out More:

Related Articles: