കൂടത്തായി മോഡൽ കരമനയിലും
കരമന കുളത്തറയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ പലപ്പോഴായി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിനുശേഷമാണ് സ്വത്ത് കൈമാറ്റം നടന്നത്. മരണങ്ങളിൽ ദുരൂഹതയുള്ളതായി കുടുംബാംഗമായ പ്രസന്നകുമാരിയമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.നടന്നതു കൊലപാതകങ്ങൾ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി. മരണങ്ങളിൽ ദുരൂഹതയുണ്ടെന്നു ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരുടെ മരണത്തിന്മേലാണ് പരാതി നൽകിയിരിക്കുന്നത്.15 വർഷത്തിനിടയിൽ ആയിരുന്നു മരണങ്ങൾ സംഭവിച്ചത്.വിഷ പദാർത്ഥങ്ങൾ നൽകി കൊലപ്പെടുത്തിയതായിട്ടാണ് പരാതി നൽകിയ ബന്ധുക്കൾ സംശയിക്കുന്നത്. വീടുമായി ബന്ധപ്പെട്ട സ്വത്ത് കാര്യസ്ഥൻ തട്ടിയെടുത്തെന്ന പരാതിയിൽ നടന്ന അന്വേഷണമാണ് കുടുംബത്തിലെ ഏഴു പേരുടെ മരണവും അന്വേഷിക്കാൻ തുടങ്ങിയത്. സംഭവത്തിൽ വ്യാജ ഒസ്യത്ത് തയ്യാറാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി. എല്ലാവരുടേയും മരണശേഷമാണ് വ്യാജ ഒസ്യത്ത് തയ്യാറാക്കിയതെന്നും പൊലീസിന് വിവരം ലഭിച്ചു.സമാനമായ സാഹചര്യത്തിലാണ് കുടുംബത്തിലെ ഏഴു പേരും മരിച്ചതെങ്കിലും അവസാനം മരണമടഞ്ഞ ജയമാധവന്റെ മരണത്തിൽ മാത്രമാണ് കേസെടുത്തിരിക്കുന്നത്. ദുരൂഹ മരണങ്ങളിൽ കുടുംബത്തിലെ കാര്യസ്ഥന് പങ്കുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കൂടത്തായിയിൽ സംഭവച്ചതുപോലെ തന്നെ സ്വത്ത് മറ്റ് ആളുകളിലേക്ക് എത്തിച്ചേർന്നതോടെയാണ് ബന്ധുക്കളുടെ മരണത്തെ കുറിച്ച് സംശയം ഉണ്ടാകുന്നത് .. കുടുംബത്തിലെ ഈ ഏഴുപേരുടെ മരണശേഷം, കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം.കൂടത്തായി കേസിലും പതിനാലു വർഷത്തെ ഇടവേളയിലാണ് കൊലപാതകങ്ങൾ നടത്തിയത് . കേരള പോലീസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത് . ഈ കേസും അതെ വഴിത്തിരിവിലേക്കാണ് നടന്നു നീങ്ങുന്നത്.