10 സെൻറ് ഭൂമിയിൽ നിന്ന് ആർക്കും മികച്ച പ്രതിമാസ വരുമാനം നേടാം!

Divya John
10 സെൻറ് ഭൂമിയിൽ നിന്ന് ആർക്കും മികച്ച പ്രതിമാസ വരുമാനം നേടാം!  50,000 രൂപ വരെയോ അതിൽ കൂടുതലോ ഒക്കെ വരുമാനം നേടാം. വീട്ടമ്മമാർക്കും ഇത് പരീക്ഷിയ്ക്കാം. നാമമാത്രമായ ഭൂമിയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച് സംസ്ഥാനത്ത് തന്നെ മാതൃകയായിക്കൊണ്ടിരിയ്ക്കുന്ന ഒരു വീട്ടമ്മയാണ് ആലപ്പുഴ പാലമേൽ സ്വദേശി റുബീന ഷിബു. 15 സെൻറ് സ്ഥലത്ത് ഈ വീട്ടമ്മ ചെയ്യുന്നത് എന്തൊക്കെയാണെന്നോ? തേനീച്ച വളർത്തൽ, ജൈവ വളം നിർമിയ്ക്കൽ, ജൈവ കൃഷി, അലങ്കാര സസ്യ വളർത്തൽ, ഇവയൊക്കെ കൂടാതെ ആട്, മുയൽ, കോഴി വളർത്തൽ. പോരാഞ്ഞിട്ട് നാടൻ അച്ചാറുകളുടെ ഒരു നിർമാണ യൂണിറ്റ് വേറെയും. എത്ര കുറഞ്ഞ സ്ഥലത്തും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നു പറഞ്ഞു തരാൻ റുബീന തയ്യാർ.ഉപ്പ മുഹമ്മദ് ഇക്ബാൽ മരിയ്ക്കുന്നതിന് മുമ്പ് റുബീനയോട് പറഞ്ഞ വാക്കുകളാണ് ഉള്ള സ്ഥലത്ത് ജൈവ പച്ചക്കറി തുടങ്ങാൻ പ്രചോദനമായത്.

 സസ്യങ്ങൾക്കും ജീവനുണ്ടെന്നും അവയെ വേണ്ടപോലെ പരിപാലിച്ചാൽ അവ നമുക്ക് മികച്ച വരുമാനം തരും എന്നുമൊക്കെയുള്ള വാക്കുകൾ.. വീട്ടിലേയ്ക്കുള്ള എല്ലാ പച്ചക്കറികളും ഗ്രോബാഗുകളിലും മറ്റുമായി വളർത്തിയായിരുന്നു തുടക്കം. ഇപ്പോൾ ജില്ലാതലത്തിൽ മികച്ച പച്ചക്കറി കർഷകയ്ക്കുള്ള അവാർഡ് തന്നെ കരസ്ഥമാക്കിയിരിക്കുകയാണ് റുബീന. പച്ചക്കറി വിത്തുകളും പാക്കറ്റുകളിലാക്കി വിൽക്കും. ഉപയോഗ ശേഷം വെറുതെ കളയുന്ന ജൈവ പച്ചക്കറി വിത്തുകൾ പാക്കറ്റുകളിലാക്കി വിറ്റാൽ പോലും 10 പാക്കറ്റിന് 100 രൂപ കിട്ടുമെന്ന് റുബീന പറയുന്നു. പാലമേൽ പഞ്ചായത്ത് കൃഷി ഓഫീസർ രാജശ്രീയാണ് തൻെറ ജീവിതം മാറ്റി മറിച്ചതെന്ന് റുബീന .ഉള്ള സ്ഥലത്ത് തേനീച്ച വളർത്തി വരുമാനം നേടുന്നത് എങ്ങനെയെന്ന അന്വേഷണത്തിൽ നിന്നായിരുന്നു ഇത്. ക്ലാസ് അറ്റൻഡ് ചെയ്താൽ സർക്കാർ അംഗീകൃത സർട്ടിഫിയ്ക്കറ്റ് ലഭിയ്ക്കും. ഇതുണ്ടേൽ തേനീച്ച വളർത്തലിന് ആവശ്യമായ പെട്ടിയും മറ്റുപകരണങ്ങളും ഒക്കെ കൃഷിഭവനിൽ നിന്ന് തന്നെ സബ്‍സിഡിയായി ലഭിയ്ക്കും.

നല്ല കാലാവസ്ഥയും അനുകൂല സാഹചര്യങ്ങളും ആണെങ്കിൽ ഒരു പെട്ടിയിൽ നിന്ന് 15 കിലോഗ്രാം വരെ തേനറകൾ കിട്ടും. ലിറ്ററിന് 400 രൂപയാണ് മായമില്ലാത്ത തേനിന് ലഭിയ്ക്കുക എന്നോർക്കണം . തെങ്ങിൻ തോപ്പിൽ ആണ് പെട്ടികൾ സ്ഥാപിയ്ക്കുന്നതെങ്കിൽ മികച്ച രുചിയിൽ തേൻ ലഭിയ്ക്കും. എത്ര കുറഞ്ഞ സ്ഥലത്തും തേനീച്ച വളർത്തൽ തുടങ്ങാം. ഇത് പഠിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ ജില്ലാ കൃഷി ഭവനുമായി ബന്ധപ്പെട്ടാൽ വിഷയത്തിൽ സൗജന്യ ക്ലാസുകൾ കിട്ടുന്നതിന് സഹായം ലഭിയ്ക്കും.ജൈവ പച്ചക്കറികൾക്കും അലങ്കാര സസ്യങ്ങൾക്കും പുറമെ നാടൻ കസ്തൂരി മഞ്ഞൾ കൃഷി ചെയ്ത് സീസണിൽ മികച്ച വിളവെടുക്കാം. ഉണക്കി പൊടിച്ചു കൊടുക്കുന്ന നാടൻ കസ്തൂരി മഞ്ഞളിന് കിലോഗ്രാമിന് 2,000 രൂപ ലഭിയ്ക്കും. കസ്തൂരി മഞ്ഞളിന് മാത്രമായി 550 രൂപയോളം ലഭിയ്ക്കും. ഇത്തവണ വിളവെടുത്ത കസ്തൂരി മഞ്ഞൾ വിറ്റ് മാത്രം റുബീനയ്ക്ക് 27,000 രൂപയിലേറെ കിട്ടിയിരുന്നു. നഴ്സറികളിൽ നിന്ന് മികച്ച വിത്തുകൾ വാങ്ങി ഗ്രോബാഗുകളിൽ വീടുകളിൽ കൃഷി ചെയ്യാം.

Find Out More:

Related Articles: