വയനാട്ടിൽ അനിധികൃത ടൂറിസം കേന്ദ്രങ്ങൾ നിരവധി: ഒപ്പം അധികൃതരുടെ ഒത്താശയും!

Divya John
തദ്ദേശസ്ഥാപനങ്ങളുടെ കണക്കിൽ വയനാട്ടിൽ റിസോർട്ടുകളും ഹോംസ്‌റ്റേകളുമായി അഞ്ഞൂറിലധികം സ്ഥാപനങ്ങൾക്ക് മാത്രമെ പ്രവർത്തിക്കാൻ അനുമതിയുള്ളു. ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സംഘടനകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഇത്രയും സ്ഥാപനങ്ങൾ തന്നെ. എന്നാൽ 2500നടുത്ത് സ്ഥാപനങ്ങൾ വിനോദ സഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. സംഘടനകളിൽ രജിസ്റ്റർ ചെയ്തവയിലാകട്ടെ കാടിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നന്നേ കുറവാണ്താനും. കാടിനരികിലും മലനിരകളിലും കെട്ടിടങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇവക്കെല്ലാം അനുമതിയുണ്ടോയെന്നത് സംശയമാണ്. സ്ഥാപനങ്ങളൊന്നുമില്ലാതെ കുന്നിൻമുകളിലും കാടിനരികിലുമൊക്കെ വാഹനത്തിൽ വിനോദസഞ്ചാരികളെ കൊണ്ടുവന്ന് ടെൻറ് അടിച്ച് നൽകി പണം വാങ്ങുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാണ്. ആയിരക്കണക്കിന് രൂപയാണ് വാടകയിനത്തിൽ ഇവർ വാങ്ങിക്കുന്നത്.

  അമ്പുകുത്തി മല, മുത്തങ്ങ കാടുകളുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ സാധ്യതയുള്ളയിടങ്ങളും വന്യമൃഗങ്ങളുടെ സഞ്ചാരപദങ്ങളുംമൊക്കെ അനധികൃത ടൂറിസം കച്ചവടക്കാർ കൈയ്യേറിയതാകട്ടെ വനം, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലുള്ളതാണ് 'ടൂറിസം കേന്ദ്രങ്ങൾ' എന്ന പേരിൽ പലയിടത്തുമുള്ള സജ്ജീകരണങ്ങൾ. ഇവിടെ വനഗ്രാമങ്ങളിൽ പോലും ആദിവാസികളുടെ സ്വൈര്യജീവിതമില്ലാതാക്കുന്ന തരത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയരുന്നുണ്ട്. നിരവധി പരാതി ഇവക്കെതിരെ ആദിവാസികളടക്കം നൽകിയിട്ടും പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കെട്ടിടങ്ങൾ ഉയർന്നതിന് ശേഷം അനുമതി വാങ്ങിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങൾ നീങ്ങുന്നുണ്ടെന്നാണ് വിവരം. 

  2018, 19 വർഷങ്ങളിലെ ഉരുൾപ്പൊട്ടലിൽ ഏറ്റവൂം കൂടുതൽ ദുരിതമുണ്ടായ മാനന്തവാടി താലൂക്ക് ഉൾപ്പെടുന്ന വടക്കേവയനാട്ടിലും വൈത്തിരി താലൂക്കിലും സ്ഥിതി മറിച്ചല്ല. വൈത്തിരിയിൽ പലയിടങ്ങളിലും പ്രവർത്തിക്കുന്ന ഹോംസ്റ്റേകളിൽ മിക്കതും വാണിജ്യലൈസൻസ് ഇല്ലാത്തതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പുൽപ്പള്ളിക്കടുത്ത വനഗ്രാമമായ ചേകാടിയിൽ ഈ അടുത്ത കാലത്താണ് റിസോർട്ടുകളുടെ നിർമാണം തുടങ്ങിയത്. പുറത്തുനിന്നെത്തുന്നവർ ഭൂമിവാങ്ങാനും മറ്റും നിയന്ത്രണമുള്ള മൂന്നുഭാഗവും വനത്താൽ ചുറ്റപ്പെട്ട ഇവിടെ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ടോയെന്ന ആശങ്ക ഗ്രാമവാസികൾ പങ്കുവെച്ചു.ജില്ലയിൽ ഏറ്റവും കൂടുതൽ ഹോംസ്‌റ്റേകളും റിസോർട്ടുകളും പ്രവർത്തിക്കുന്ന പഞ്ചായത്താണ് നൂൽപ്പുഴ. 


 തൊഴുത്ത് നിർമിക്കൻ രണ്ട് മുളയെടുക്കാൻ പോലും തങ്ങളെ അനുവദിക്കാത്ത ഉദ്യോഗസ്ഥർ റിസോർട്ട്കാരോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ഉദാര സമീപനമാണെന്ന് സുൽത്താൻബത്തേരി വള്ളുവാടിയിലെ കർഷകർ പറയുന്നു. ആദിവാസികളെ പോലും വിറകോ മറ്റോ എടുക്കാൻ അനുവദിക്കാതെ തടയും. അതേസമയം ടൂറിസത്തിൻറെ പേരിൽ പ്ലാസ്റ്റികും മറ്റുമായി പുറത്തുനിന്നെത്തുന്നവരെ കാടിനുള്ളിലേക്ക് കൊണ്ടുപോകുന്ന റിസോർട്ടുകാർക്ക് ഇവർ ഒത്താശ ചെയ്യുകയാണ്. മുതലാളിമാർക്ക് ഒത്താശ ചെയ്യുകയും കർഷകരെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് വനംവകുപ്പിനുള്ളത്. രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഇതുവരെയും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല. അതേ സ്ഥാനത്ത് കാടിനരികെ പണിയുന്ന റിസോർട്ടുകളിലേക്ക് മിക്ക സൗകര്യങ്ങളും ഒരുക്കി നൽകുന്നു.  വന്യമൃഗശല്യം രൂക്ഷമായതിനാൽ ആറ് വർഷമായി കൃഷിയിറക്കിയിട്ടില്ലെന്ന് വള്ളുവാടിയിലെ കർഷകനായ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

Find Out More:

Related Articles: