വഴിയരികിൽ വർണ്ണ മൽസ്യം വിൽപ്പന; വരുമാനം കണ്ടെത്തി 'കുട്ടിക്കച്ചവടക്കാർ'

Divya John
വഴിയരികിൽ വർണ്ണ മൽസ്യം വിൽപ്പന; വരുമാനം കണ്ടെത്തി 'കുട്ടിക്കച്ചവടക്കാർ' രംഗത്ത്. കൊവിഡ് കാലത്ത് ബോട്ടിൽ ആർട്ടും, പെയിൻറിംഗും, ഹാംഗിംഗ് പ്ലാൻറ്‌സ് നിർമ്മാണവുമെല്ലാമായി സമയം ചെലവഴിച്ചവരായിരുന്നു ഏറെയും. വീടുകൾക്ക് മുമ്പിൽ തൂക്കുന്നതിനായി ഹാംഗിംഗ് പ്ലാൻറ് വിൽപനയും, ചിത്രക്കുപ്പികളിൽ പൂക്കളിട്ടും, ചെടികൾ വളർത്തിയും അലങ്കാരപ്പണികൾ ചെയ്ത് വിപണനം നടത്തിയും വരുമാനമുണ്ടാക്കിയവരും നിരവധിയാണ്. സ്‌കൂൾ വിദ്യാർത്ഥികളാണ് ഈ കച്ചവടക്കാരിൽ ഭൂരിഭാഗവുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുള്ളൻകൊല്ലി സെൻറ് ‌മേരീസ് എച്ച്എസ്എസിലെ വിദ്യാർത്ഥിയായ മാടൽ പരിയപ്പനാൽ ഡാർവിൻ കഴിഞ്ഞ മൂന്ന് മാസമായി വഴിയോരമത്സ്യവിൽപ്പന നടത്തിവരികയാണ്.

വഴിയരികിലെ ചില്ലുകൂട്ടിൽ കാണുന്ന അലങ്കാരമത്സ്യങ്ങൾ വാങ്ങാൻ ദിവസേന വണ്ടിനിർത്തിയിറങ്ങുന്നവർ നിരവധിയാണ്. ജോഡിക്ക് 40 മുതൽ 1000 രൂപ വരെയുള്ള മത്സ്യങ്ങൾ അത്തരത്തിൽ വഴിയോരവ്യാപാരികളുടെ പക്കലുണ്ട്.കഴിഞ്ഞ ഏതാനം മാസങ്ങളായി വയനാട്ടിലടക്കം ഒട്ടുമിക്ക സ്ഥലങ്ങളിലും കണ്ടുവരുന്നയൊന്നാണ് വഴിയോരങ്ങളിലെ അലങ്കാരമത്സ്യ വിൽപന. 150 രൂപയുടെ കോയികാർപ്പ്, 130 മുതൽ 180 രൂപ വരെ വിലവരുന്ന ഫൈറ്റർ, 50 രൂപ വിലയുള്ള മോളി, ചോക്ലേറ്റ് മോളി, 60 രൂപയുടെ ഗോൾഡൻ, 70 രൂപ വില വരുന്ന ടെട്ര എന്നിങ്ങനെ ഒട്ടുമിക്ക അലങ്കാരമത്സ്യങ്ങളും ഡാർവിൻറെ കൈയ്യിലുണ്ട്. വർണമത്സ്യക്കച്ചവടരംഗത്തെ കുട്ടിവ്യാപാരികളെ മീനങ്ങാടി, കാര്യമ്പാടി, വാര്യാട്, പുൽപ്പള്ളി, മുള്ളൻകൊല്ലി, മാനന്തവാടി എന്നിങ്ങനെ ഒട്ടുമിക്ക സ്ഥലങ്ങളിലും വഴിയോരങ്ങളിൽ കാണാം. വിവിധതരം ഗപ്പികൾ മാത്രം വിൽപ്പന നടത്തുന്നവരും ഇവർക്കിടയിലുണ്ട്.

പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ ഡാർവിൻ കോഴിക്കോട് നിന്നാണ് മത്സ്യമെടുത്ത് വിൽപ്പന നടത്തിവരുന്നത്.കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമെത്തിച്ച ആനച്ചെവിയൻ ഗപ്പികൾക്കാണ് ആവശ്യക്കാരെറെയെന്ന് കുട്ടിക്കച്ചവടക്കാർ പറയുന്നു. ലോക്ക്ഡൗണിന് മുമ്പ് വരെയില്ലാതിരുന്ന അക്വോറിയങ്ങൾ ഇപ്പോൾ പല വീട്ടിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഈ കച്ചവടക്കാരുടെ പ്രാധാന്യവും.ഫുൾറെഡ്, ഫുൾ ഗോൾഡ്-200, ചില്ലി മൊസേക്ക് ഡെമ്പോ ഇയർ-150, സാന്താമരിയ റെഡ് ഗ്രാസ്-100, പ്ലാറ്റിനം റെഡ് ടെയ്ൽ-400, ആൽബിനോ റെഡ് ലെയ്‌സ്-200, ഫുൾബ്ലാക്ക്-200, ആൽബിനോ കോയി-300, സാന്താക്ലോസ്-300, പർപ്പിൾ മൊസൈക്ക്-200, കോബ്ര-400, റെഡ് ഡ്രാഗൺ-300 എന്നിങ്ങനെ പോകുന്ന വഴിയോരകേന്ദ്രങ്ങളിലെ വിവിധതരം ഗപ്പികളുടെ വില. ഇത്തരക്കാരെല്ലാം വർണമത്സ്യങ്ങൾ വാങ്ങാൻ കൂടുതലും ആശ്രയിക്കുന്നത് ഈ വഴിയോര കുട്ടിക്കച്ചവടക്കാരെയാണ്.

വർണമത്സ്യങ്ങൾക്കൊപ്പം അവയെ വളർത്തുന്നതിനുള്ള ചില്ലുകുപ്പികൾ, അക്വോറിയങ്ങൾ, കല്ലുകൾ, ചെടികൾ, വിവിധതരം തീറ്റകൾ എന്നിവയെല്ലാം ഈ വഴിയോരക്കച്ചവടക്കാരുടെ കൈയ്യിലുണ്ട്. മീൻ വാങ്ങുന്നവരിൽ പലരും അനുബന്ധ സാമഗ്രികളും വാങ്ങുന്നത് വഴിയോരക്കച്ചവടത്തിൻറെ മറ്റൊരു പ്രത്യേകതയാണ്. കൊവിഡ് വ്യാപനം കുറഞ്ഞ് സ്‌കൂൾ തുറന്നാലും അവധിദിവസങ്ങളിൽ ഇതേ രീതിയിൽ വിൽപന നടത്താൻ തന്നെയാണ് ഡാർവിനെ പോലുള്ള കുട്ടിക്കച്ചവടക്കാരുടെ തീരുമാനം.വർണ്ണക്കുപ്പികൾക്കും, ചെടികൾക്കുമിടയിൽ ടയറുകൾ പൂക്കളാകൃതിയിൽ വെട്ടി അടിവശത്ത് സിമൻറിട്ടടച്ച് ഗപ്പികളെ വളർത്തുന്നവരും ഇപ്പോൾ നിരവധിയാണ്.  

Find Out More:

Related Articles: