ജിഎസ്ടി കൗൺസിൽ; വർധനവ് സർക്കാരിനെയും തൊഴിലാളികളെയും ബാധിക്കുന്നതെങ്ങനെ?

Divya John

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പ് തള്ളിയാണ് രാജ്യമെമ്പാടും ലോട്ടറികൾക്ക് ഏകീകൃത നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തന്നെ സ്വകാര്യ ലോട്ടറികളുടെ നികുതി കുറയ്ക്കുന്നതിനെയും ഏകീകൃത നികുതി ഏർപ്പെടുത്തുന്നതിനെയും ശക്തമായി എതിർക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു.

 

   ഏകീകൃത നികുതി നടപ്പിലാക്കാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. 12 ശതമാനമുണ്ടായ നികുതിയാണ് 28 ശതമാനമായി ഉയരാൻ പോകുന്നത്. ജിഎസ്ടി കൗൺസിൽ രൂപീകൃതമായതിനു ശേഷം ആദ്യമായാണ് വോട്ടെടുപ്പിലൂടെ കൗൺസിൽ ഒരു തീരുമാനം എടുക്കുന്നത്. കേരള സർക്കാരിന്‍റെ ലോട്ടറി മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാകും ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നു.

 

    സർക്കാർ ലോട്ടറിയ്ക്കും സ്വകാര്യ ലോട്ടറികൾക്കും ഒരേ നികുതി വരുന്നതോടെ സ്വകാര്യ ലോട്ടറികൾ കൂടുതൽ സജീവമാകാനാണ് സാധ്യത.സ്വകാര്യ ലോട്ടറികൾ കൂടുതൽ കടന്നുവരുന്നത് സർക്കാർ ലോട്ടറിയുടെ വരുമാനത്തെ ദോഷകരമായി ബാധിക്കും. നേരത്തെ കേരള ലോട്ടറികൾക്ക് ജിഎസ്ടി കുറക്കുകയും സ്വകാര്യ ലോട്ടറിയ്ക്ക് കൂട്ടുകയും വേണമെന്നുമായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്.

 

    ഇത് അംഗീകരിക്കപ്പെടാത്തതിനൊപ്പം ഏകീകൃത നികുതി ഏർപ്പെടുത്തുക കൂടി ചെയ്തതോടെ സ്വകാര്യ ലോബികൾ കരുത്താർജ്ജിക്കുകയാണ് ചെയ്യുക.28 ശതമാനം ജിഎസ്ടി നിരക്കിന് ആനുപാതികമായി ടിക്കറ്റ് വില വർദ്ധിപ്പിച്ചില്ലെങ്കിൽ സർക്കാരിനും ലോട്ടറി തൊഴിലാളികൾക്കും വൻനഷ്ടമാണ് ഉണ്ടാവുക. എന്നാൽ വില വർധിപ്പിച്ചാൽ അതും വിപണിയെ ബാധിക്കും. സ്വകാര്യ ലോട്ടറികൾ ഇനി സജീവമാകുന്നതോടെ കേരള ലോട്ടറികൾക്ക് വില വർധിക്കുകയാണെങ്കിൽ ഉപഭോക്താക്കളെ അത് അകറ്റുകയേ ഉള്ളു.

 

    നിലവിൽ കേരള ലോട്ടറിയൽ 30 രൂപയുടെ 1,5,25000 ടിക്കറ്റുകൾ അച്ചടിച്ച് വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ 50 രൂപയുടെ 75 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുന്നതിൽ 3 ലക്ഷം ടിക്കറ്റുകൾ വിറ്റുപോകാതെ കെട്ടിക്കിടക്കുകയാണ്. ഇതിനു സമാനമായ അവസ്ഥയാകും വില വർധിപ്പിച്ചാൽ ഉണ്ടാവുക. വില വർധിപ്പിക്കാതിരിക്കുകയാണെങ്കിൽ അത് മേഖലയെയും പ്രതികൂലമായി ബാധിക്കും.

Find Out More:

Related Articles: