കോൺഗ്രസിനോട് പിണങ്ങി ബിജെപിയിൽ ചേർന്നപ്പോൾ പരാജയം; അൽപേഷ് താക്കൂറിന് തിരിച്ചടി.

Divya John

അഹമ്മദാബാദ്: കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വന്ന അൽപേഷ് താക്കൂറിന് പരാജയം. ഗുജറാത്തിലെ സ്വന്തം മണ്ഡലമായ രഥൻപൂരിൽ നിന്നാണ് അൽപേഷ് താക്കൂർ മത്സരിച്ചത്. ഗുജറാത്തിലെ നാലു മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽമാർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. 

 

രഥൻപൂരിൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന അൽപേഷ് താക്കൂർ ബിജെപിയിലേക്ക് പോയതിനെ തുടർന്നാണ് അവിടെ തെരഞ്ഞെടുപ്പ് നടന്നത്. അൽപേഷിനൊപ്പം ‍ഠാക്കൂർ സമുദായത്തിലെ മറ്റൊരു എംഎൽഎ ആയിരുന്ന ധവാൽ സിംഗ് ചലയും കോൺഗ്രസ് പാർട്ടി വിട്ടു പോയിരുന്നു. 2017ലാണ് അൽപേഷ് താക്കൂർ രഥൻപൂരിൽ നിന്ന് വിജയിച്ചത്. ഇരുവരും ബിജെപി ടിക്കറ്റിൽ അതത് മണ്ഡലങ്ങളിൽ നിന്ന് ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. 

 

രഥൻപൂരിൽ കോൺഗ്രസ് സ്ഥാനാർഥി ദേശായി മീരാജ്‍ഭായി 9000ത്തിൽപരം വോട്ടുകൾക്ക് അൽപേഷിനെ പിന്തള്ളിയാണ് മുന്നിലെത്തിയത്. ബയാദ് മണ്ഡലത്തിൽ ധവല്‍സിങ് ചലക്കെതിരായി മത്സരിക്കുന്ന ജാഷു പട്ടേൽ 2757 വോട്ടുകൾക്ക് മുന്നിലാണ്. 2017ൽ കോൺഗ്രസിന് ഗുജറാത്തിൽ വലിയ നേട്ടമുണ്ടാക്കാൻ സഹായിച്ച നേതാവ് അൽപേഷ് താക്കൂറായിരുന്നു. എന്നാൽ തന്റെ സമുദായത്തെ കോൺഗ്രസ് വേണ്ട രീതിയിൽ സഹായിച്ചില്ല എന്ന് ആരോപിച്ചാണ് അൽപേഷ് പാർട്ടി വിട്ടത്. 

 

കഴിഞ്ഞ ജൂലൈയിലാണ് അൽപേഷ് താക്കൂർ ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് പാർട്ടി വിട്ട ശേഷം ആദ്യം ബിജെപിയിൽ ചേരുന്നില്ല എന്ന് അൽപേഷ് പ്രഖ്യാപിച്ചിരുന്നെങ്കിലും അധികം വൈകാതെ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വവുമായുണ്ടായ കടുത്ത അഭിപ്രായ ഭിന്നതയെ തുടർന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈയിൽ പാർട്ടിയിലെ എല്ലാ പോസ്റ്റുകളും അൽപേഷ് രാജിവെച്ചത്.

Find Out More:

Related Articles: